വാഷിങ്ടണ്‍: യുഎസിലെ ഫെഡറല്‍ മേഖലയിലെ കൂട്ടപിരിച്ചുവിടലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. വിവിധ വകുപ്പുകളിലെ പിരിച്ചുവിട്ട ജീവനക്കാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവ്. സാന്‍ ഫ്രാന്‍സിസ്‌കോയിലെയും മേരിലാന്‍ഡിലെയും ഫെഡറല്‍ ജഡ്ജി വില്യം അല്‍സാപിന്റേതാണ് ഉത്തരവ്.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 13, 14 തീയതികളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട
യു.എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഡിഫന്‍സ്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സ്, ഡിപ്പാര്‍ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് എനര്‍ജി, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്റീരിയര്‍, ട്രഷറി ഡിപ്പാര്‍ട്‌മെന്റ് എന്നിവയിലെ പ്രൊബേഷണറി ജീവനക്കാര്‍ക്ക് വിധി ബാധകമാവുമെന്നും കോടതി വ്യക്തമാക്കി.

തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ആ ഏജന്‍സികള്‍ക്ക് അധികാരമില്ലാതിരുന്നിട്ടും അനുചിതമായ തീരുമാനമെടുത്തുവെന്നും കൃത്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടതെന്ന ഗവണ്‍മെന്റിന്റെ വാദം നുണയാണെന്നും ജഡ്ജി പറഞ്ഞു.
അതേസമയം ഫെഡറല്‍ കോടതിയുടെ ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കി. ജീവനക്കാരെ പുനര്‍നിയമിക്കാനുള്ള ഫെഡറല്‍ കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ പോരാടുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.