എഡ്മിന്‍റൻ: നഗരത്തിൽ നാല് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച സൗത്ത് വെസ്റ്റ് എഡ്മിന്‍റനിലാണ് അപകടം നടന്നത്. ഡ്രൈവറുടെ ആരോഗ്യപ്രശ്നമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. 113 സ്ട്രീറ്റിൽ 65 അവന്യൂവിലെ ജങ്ഷനിലാണ് അപകടമുണ്ടായത്.

ഹോണ്ട സിആർവി, ഹോണ്ട സിവിക്ക്, രണ്ട് എസ്‌യുവി എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 75 വയസ്സുള്ള വയോധികയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയോധിക സഞ്ചരിച്ചിരുന്ന ഹോണ്ട സിആർവി 53 വയസ്സുള്ള സ്ത്രീ ഓടിച്ചിരുന്ന ഒരു എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു. വാഹനമോടിക്കുന്നത് തുടർന്ന വയോധിക ഒരു ഹോണ്ട സിവിക്കിലും ഇടിച്ചു. തുടർന്ന് ഹോണ്ട സിവിക് പിന്നീട് മറ്റൊരു എസ്‌യുവിയിലും ഇടിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.