ടൊറന്റോ: കഴിഞ്ഞ വർഷം ബ്രാംപ്ടണിൽ നടന്ന വെടിവെപ്പിൽ രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു. 2024 ഏപ്രിൽ 5 നായിരുന്നു വെടിവെപ്പ് നടന്നത്. ഒന്നിലധികം വെടിയേറ്റ ജെവോൺ ഹാരിസ്-സ്മിത്ത് തന്റെ വീടിന് മുന്നിൽ മരിക്കുകയായിരുന്നു. എന്നാൽ, വെടിയേറ്റ് കൊല്ലപ്പെട്ട വ്യക്തി വെടിവെപ്പ് നടത്തിയവർ ലക്ഷ്യമിട്ടിരുന്ന ആളല്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

സംഭവത്തിൽ 18 വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒന്നാമത്തെ പ്രതിയെ 2024 മേയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് ടൊറന്റോയിൽ നിന്നുള്ള രണ്ടാം പ്രതിയായ 24 വയസ്സുള്ള ഡെന്നിസ് മക്ലീനിനെ അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളെയും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരോ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.