ടൊറൻ്റോ : ഒൻ്റാരിയോയിലുടനീളം അഞ്ചാംപനി പടരുന്നത് തുടരുന്നു. പ്രവിശ്യയിൽ സ്ഥിരീകരിച്ച അഞ്ചാംപനി കേസുകൾ ഒരു ദശകത്തിലേറെയായി ഏറ്റവും ഉയർന്ന നിലയിലെത്തിയതായി ഒൻ്റാരിയോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കീരൻ മൂർ അറിയിച്ചു. പുതിയ അഞ്ചാംപനി കേസുകളുടെ എണ്ണം അടുത്ത ദിവസങ്ങളിൽ 173 ആയി ഉയർന്നതായും ഈ വർഷം ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 350 ആയതായും അദ്ദേഹം പറഞ്ഞു. ഇതിൽ 31 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പബ്ലിക് ഹെൽത്ത് ഒൻ്റാറിയോയിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം പ്രവിശ്യയിലുടനീളം കുറഞ്ഞത് 45 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വാക്സിൻ എടുക്കാത്ത ആളുകൾക്കിടയിലാണ് ഭൂരിഭാഗം കേസുകളും. മീസിൽസ്, മംപ്സ്, റൂബെല്ല (എംഎംആർ) വാക്സിൻ 50 വർഷത്തിലേറെയായി ഉപയോഗത്തിലുണ്ട്, ലഭ്യമായ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകളിൽ ഒന്നാണിതെന്നും ഡോ. കീരൻ മൂർ പറയുന്നു. വാക്സിനേഷൻ എടുക്കാത്തവരിൽ അഞ്ചാംപനി എളുപ്പത്തിൽ പടരുകയും ന്യുമോണിയ, ശ്വാസതടസ്സം, തലച്ചോറിൻ്റെ വീക്കം, അപൂർവ സന്ദർഭങ്ങളിൽ മരണം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും, അദ്ദേഹം മുന്നറിയിപ്പ് നൽകി. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്ന കുട്ടികൾ ഏകദേശം 100% പരിരക്ഷിതരാണെന്നും ഒരു ഡോസ് എടുക്കുന്നവർക്ക് 95% വരെ സംരക്ഷണം ലഭിക്കുമെന്നും” മൂർ വ്യക്തമാക്കി.

ചെറിയ കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെയാണ് അഞ്ചാംപനി പടരുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്ക് ശേഷം ചുണങ്ങു പ്രത്യക്ഷപ്പെടുന്നു. ഇത് ആദ്യം മുഖത്തും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. ചുണങ്ങു ഏകദേശം നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. വായ്ക്കുള്ളിൽ ചെറിയ വെളുത്ത പാടുകളും ഉണ്ടാകാം. അഞ്ചാംപനി വൈറസ് ബാധിച്ച് ഏഴ് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.