വൻകൂവർ : നഗരത്തിലെ സ്വകാര്യ മദ്യശാലകളിൽ അമേരിക്കൻ മദ്യം വാങ്ങാൻ തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. അമേരിക്കൻ നിർമ്മിത മദ്യം പ്രവിശ്യയിൽ നിന്നും പിൻവലിക്കാനുള്ള ബ്രിട്ടിഷ് കൊളംബിയ സർക്കാരിന്‍റെ നീക്കത്തെ തുടർന്നാണ് അമേരിക്കൻ മദ്യ വിൽപ്പനയിൽ വർധന. ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള വർധിച്ചുവരുന്ന ഭീഷണികൾക്കുള്ള പ്രതികരണമായി വൈൻ, ബിയർ, സ്പിരിറ്റ് എന്നിവയുൾപ്പെടെ എല്ലാ യുഎസ് മദ്യവും ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്യുന്നതായി പ്രീമിയർ ഡേവിഡ് എബി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

അതേസമയം ചില കടകളിൽ വിൽപ്പന വർധന ഉണ്ടെങ്കിലും മറ്റു ചില കടകളിൽ വർധനയില്ലെന്നും, യുഎസ് റെഡ് വൈൻ വിൽപ്പനയിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു. എന്നാൽ ക്ഷാമം നിലനിൽക്കുന്ന സമയത്ത് സ്വകാര്യ മദ്യശാലകൾ അമേരിക്കൻ മദ്യം ശേഖരിച്ചുവയ്ക്കാൻ ശ്രമിച്ചാൽ വലിയ പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.