റോം: കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് വടക്കന്‍ ഇറ്റലി. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഫ്ളോറന്‍സിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തതോടെ നദികള്‍ കര കവിഞ്ഞൊഴുകുകയും തെരുവുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. ടസ്കനിയില് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഫ്ലോറന്‍സ് കത്തീഡ്രല്‍ അടച്ചു. നിലവില്‍ ഫ്ലോറന്‍സിലും പിസയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫ്ലോറന്‍സില്‍ വെള്ളിയാഴ്ച രാവിലെ ഒരു മാസത്തെ മഴ പെയ്തെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കൂറിനുള്ളില്‍ മാത്രം ഫ്ലോറന്‍സില്‍ 53 മി.മീ മഴ പെയ്തു. ബൊളോണയില്‍ മണ്ണിടിച്ചിലുണ്ടായി. ടസ്കനിയിലെ 60ലധികം മുനിസിപ്പാലിറ്റികളില്‍ സ്കൂളുകള്‍ അടച്ചിട്ടു. വ്യാഴാഴ്ച വൈകുന്നേരം ടസ്കനിയിലെ ബാഡിയ പ്രതാഗ്ലിയയില്‍ മണ്ണിടിച്ചിലില്‍ നിന്ന് നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടസ്കനി പ്രസിഡന്റ് യൂജെനിയോ ഗിയാനി ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ രക്ഷാപ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും അതീവ ജാഗ്രതയിലാണെന്ന് ടസ്കനി പ്രസിഡന്റ് പറഞ്ഞു.