ബാഴ്‌സലോണ: മെഡിറ്ററേനിയൻ കടലിൽ 5,112 മീറ്റർ ആഴമുള്ള കാലിപ്‌സോ ഡീപ്പിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി.
പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെ, ലോഹ, പ്ലാസ്‌റ്റിക് ടിന്നുകളും പേപ്പർ കാർട്ടണുകളും ഉൾപ്പെടെ 167 തരം വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മെഡിറ്ററേനിയൻ കടൽ മാറി. മാലിന്യങ്ങളിൽ 88% പ്ലാസ്റ്റിക്കുകളാണെന്നാണ് കണ്ടെത്തൽ.

മറൈൻ പൊല്യൂഷൻ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്. ബാഴ്‌സലോണ സർവകലാശാലയിലെ ഗവേഷകർ ലിമിറ്റിംഗ് ഫാക്ടർ എന്ന മനുഷ്യനെ വഹിച്ചുകൊണ്ടുള്ള അന്തർവാഹിനിയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. 43 മിനിറ്റാണ് ഗവേഷകർ അടിത്തട്ടിൽ തങ്ങിയത്. ഗ്രീസിലെ പെലോപ്പൊന്നീസ് തീരത്ത് നിന്ന് 60 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാലിപ്‌സോ ഡീപ്പിന് ചുറ്റും ഉയർന്ന ഭൂകമ്പ സാധ്യതയാണുള്ളത്.