വാഷിങ്ടണ്‍: രണ്ടാം തവണ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് ആസ്ഥാനം സന്ദര്‍ശിച്ച് ഡോണാള്‍ഡ് ട്രംപ്. ആസ്ഥാനത്ത് നടത്തിയ തന്റെ അസാധാരണമായ പ്രസംഗത്തില്‍ ട്രംപ് ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും കീഴില്‍ ന്യായവും തുല്യവും നിഷ്പക്ഷവുമായ നീതി പുനഃസ്ഥാപിക്കാനൊരുങ്ങുകയാണെന്നും ട്രംപ് വ്യക്തമാക്കി. അത് പ്രാവര്ത്തിക്കമാക്കേണ്ടത് ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന് കീഴില്‍, ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റും എഫ്ബിഐയും വീണ്ടും ലോകത്തെ മുന്‍നിര കുറ്റകൃത്യ പ്രതിരോധ ഏജന്‍സികളായി മാറുമെന്ന് ട്രംപ് അവകാശപ്പെട്ടു. ജസ്റ്റിസ് ഡിപ്പാര്ട്മെൻ്റിനെ തന്നെ ആക്രമിക്കാനുള്ള ആയുധമാക്കിയെന്ന ആരോപണം ട്രംപ് ആവര്‍ത്തിച്ചു. തന്റെ മുന്‍ഗാമികള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റിനെ ഇന്‍ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റാക്കി മാറ്റി. എന്നാല്‍, ആ നാളുകള്‍ അവസാനിച്ചെന്ന് ഓര്‍മിപ്പിക്കുകയാണ്. അത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനില്‍നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പിന്മാറ്റം കൈകാര്യംചെയ്ത രീതിയെ വിമര്‍ശിച്ച ട്രംപ്, അതിന്റെ പേരില്‍ തന്റെ മുന്‍ഗാമികളെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ടു.