സ്കോപ്ജെ: തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയയിൽ നിശാക്ലബിൽ തീപിടിത്തം. 51 പേർ മരിക്കുകയും നൂറിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. കോകാനി നഗരത്തിലെ ക്ലബിലായിരുന്നു തീപിടിത്തമെന്ന് ആഭ്യന്തര മന്ത്രി പാൻസ് ടോസ്കോവ്‌സ്കി പറഞ്ഞു. സംഗീതനിശയിൽ വെളിച്ചം, പുക, ശബ്ദം തുടങ്ങിയവ ഉണ്ടാക്കാനായി ഉപയോഗിച്ച ‘പൈറോടെക്നിക് ഉപകരണങ്ങൾ’ ആണ് തീപിടിത്തത്തിനു കാരണമെന്നും മന്ത്രി പറഞ്ഞു.

തലസ്ഥാനമായ സ്കോപ്ജെയിലെ ആശുപത്രിയിലാണ് പരുക്കേറ്റവരിൽ 27 പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിറ്റുണ്ട്. മറ്റൊരു ആശുപത്രിയിൽ 23 പേരുമുണ്ട്. പരുക്കേറ്റവരിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്.