വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരെ മുൻ പ്രസിഡന്റ് ബറാക് ഒബാമ പ്രവർത്തിച്ചതായി വെളിപ്പെടുത്തൽ. യുഎസ് പ്രസിഡന്റാകാൻ കമലാ ഹാരിസിനു സാധിക്കില്ലെന്ന ഒബാമയുടെ തോന്നലാണ് ഇതിനു കാരണമായതെന്നാണ് ആരോപണം. എഴുത്തുകാരായ ജോനാഥൻ അലൻ, ആമി പാർണസ് എന്നിവരുടെ പുതിയ പുസ്തകത്തിലാണ് പരാമർശം. ജോ ബൈഡൻ പിന്മാറിയതിനെ തുടർന്നാണ് ഡെമോക്രറ്റിക് സ്ഥാനാർഥിയായി കമലാ ഹാരിസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

‘‘ഡെമോക്രാറ്റിക് പാർട്ടിയുടെ മികച്ച പ്രസിഡന്റ് സ്ഥാർഥിയല്ല കമല എന്ന തോന്നലായിരുന്നു ഒബാമയ്ക്ക്. ട്രംപിനെതിരെ കമല ജയിക്കില്ലെന്ന അഭിപ്രായവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബൈഡന്റെ പിൻഗാമിയായി കമല ഹാരിസ് വരുന്നതിനോട് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു,’’ എംഎസ്എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ജോനാഥൻ അലൻ പറഞ്ഞു. ജോനാഥൻ അലനും ആമി പാർൺസും ചേർന്നെഴുതിയ ‘‘ഫൈറ്റ്: ഇൻസൈഡ് ദി വൈൽഡസ്റ്റ് ബാറ്റിൽ ഫോർ ദി വൈറ്റ് ഹൗസ്’’ എന്ന പുസ്തകം ഈ മാസം ഒന്നിനാണ് പുറത്തിറങ്ങിയത്.