ടൊറൻ്റോ : യുഎസ് വ്യാപാര യുദ്ധം മൂലമുള്ള ആഗോള പ്രതിസന്ധികൾക്കിടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി കനേഡിയൻ സാമ്പത്തിക വിദഗ്ധർ.
“ചില ഫലങ്ങൾ നമ്മൾ ഇതിനകം കണ്ടുകഴിഞ്ഞു,” ടിഡി ബാങ്കിലെ മുൻ ഉന്നത സാമ്പത്തിക വിദഗ്ധനായ ഡോൺ ഡ്രമ്മണ്ട് പറഞ്ഞു. ഫെബ്രുവരിയിലെ തൊഴിൽ വളർച്ച മന്ദഗതിയിലായതും മാർച്ചിൽ 33,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “നമുക്ക് ഉണ്ടാകാൻ പോകുന്ന ബലഹീനതയുടെ ഒരു മുന്നോടിയാണിതെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ഓട്ടോമൊബൈൽ മേഖലയിൽ, ” ഡോൺ ഡ്രമ്മണ്ട് കൂട്ടിച്ചേർത്തു.

ആഗോള സാമ്പത്തിക മാന്ദ്യം കൂടുതൽ രൂക്ഷമാകുമെന്നും ഇത് കാനഡയിൽ വ്യാപക തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്നും ഡ്രമ്മണ്ട് ആശങ്ക പ്രകടിപ്പിച്ചു. മാന്ദ്യം പിടിമുറുക്കിയാൽ ഒന്റാരിയോയിൽ മാത്രം അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഡ്രമ്മണ്ട് മുന്നറിയിപ്പ് നൽകി.
അതേസമയം പരിഹരിക്കപ്പെടാത്ത ഈ വ്യാപാര പ്രശ്നങ്ങൾ ദീർഘകാല സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും ഡ്രമ്മണ്ട് അഭിപ്രായപ്പെട്ടു.