ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പിന് വെറും 10 ദിവസം മാത്രം ശേഷിക്കെ, ഏപ്രിൽ 28 ന് മുൻപ് വോട്ടുചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി രാജ്യമെമ്പാടും മുൻകൂർ വോട്ടെടുപ്പ് ഇന്ന് മുതൽ. രജിസ്റ്റർ ചെയ്ത വോട്ടർമാർക്ക് ഏപ്രിൽ 18 മുതൽ 21 വരെ രാവിലെ 9 നും രാത്രി 9 നും ഇടയിൽ അവരുടെ നിയുക്ത പോളിങ് സ്റ്റേഷനിൽ നേരത്തെ വോട്ട് രേഖപ്പെടുത്താം.
ഏപ്രിൽ 11-നകം രജിസ്റ്റർ ചെയ്ത വോട്ടർമാർക്ക് തപാൽ വഴി ലഭിക്കുന്ന വോട്ടർ വിവര കാർഡിൽ, മുൻകൂർ വോട്ടിങ്ങിനായി നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന പോളിങ് സ്റ്റേഷൻ എവിടെയാണെന്ന് രേഖപ്പെടുത്തിയിരിക്കും. രജിസ്റ്റർ ചെയ്ത വോട്ടർമാർക്ക് അവരുടെ അഡ്വാൻസ് പോളിങ് സ്റ്റേഷൻ അറിയാൻ 1-800-463-6868 എന്ന നമ്പറിൽ ഇലക്ഷൻസ് കാനഡയെയും ബന്ധപ്പെടാം. നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പില്ലെങ്കിൽ, ഇലക്ഷൻസ് കാനഡയുടെ ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ സേവനം ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ് .

പ്രവിശ്യാ തിരഞ്ഞെടുപ്പുകളിലേതു പോലെ പ്രവിശ്യയിലെ ഏത് പോളിങ് സ്റ്റേഷനിലും വോട്ടുചെയ്യാൻ കഴിയുന്ന സംവിധാനം ഫെഡറൽ തിരഞ്ഞെടുപ്പിൽ ഇല്ല. അതിൽ ഓരോ വ്യക്തിയും നിയുക്ത സ്റ്റേഷനിൽ തന്നെ വോട്ടു രേഖപ്പെടുത്തണം. ഏപ്രിൽ 22 ന് വൈകുന്നേരം 6 മണി വരെ നിങ്ങളുടെ അടുത്തുള്ള ഇലക്ഷൻസ് കാനഡ ഓഫീസിൽ തപാൽ വഴിയോ പ്രത്യേക ബാലറ്റ് വഴി നേരിട്ടോ വോട്ടുചെയ്യാം.
വീടില്ലാത്തവർ, ജയിൽ ശിക്ഷ അനുഭവിക്കുന്നവർ, ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ താമസിക്കുന്നവർ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ വോട്ട് ചെയ്യുന്നവർക്കുള്ള വിവരങ്ങളും ഇലക്ഷൻസ് കാനഡ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഇലക്ഷൻസ് കാനഡയുടെ കണക്കനുസരിച്ച്, ക്യൂ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക്, അഡ്വാൻസ് പോളിങ് സ്റ്റേഷനുകൾ സാധാരണയായി രാവിലെ 10 നും ഉച്ചയ്ക്കും ഇടയിൽ ഏറ്റവും തിരക്കേറിയതായിരിക്കും. ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 4 വരെ തിരക്ക് തുടരും. എന്നാൽ, അതിനുശേഷം തിരക്ക് കുറയും.
ഈ മാസം ആദ്യം, ഇലക്ഷൻസ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,30,000 കാനഡക്കാർ പ്രത്യേക ബാലറ്റ് വഴി വോട്ട് ചെയ്തു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം വരെയോ മുൻകൂർ വോട്ടെടുപ്പ് വരെയോ കാത്തിരിക്കാൻ ആഗ്രഹിക്കാത്ത ജനങ്ങൾക്ക് വേണ്ടിയാണ് ഏജൻസി പ്രത്യേക ബാലറ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.