സസ്‌കാറ്റൂൺ : പ്രവിശ്യയിലെ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വർധിച്ചതായി റിപ്പോർട്ട്. മേഖലയിൽ മാനസികാരോഗ്യ വെല്ലിവിളി നേരിടുന്നവരുടെ എണ്ണം വർധിച്ചതായി സസ്‌കാറ്റൂണിലെ പൊലീസ് ആൻഡ് ക്രൈസിസ് ടീം (PACT) പ്രോഗ്രാം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. 2024 ലെ കണക്കുകൾ പരിശോധിച്ചാൽ മാനസികാരോഗ്യ വെല്ലിവിളിയുമായി ബന്ധപ്പെട്ട് 3295 കേസുകളിലാണ് പൊലീസ് ഇടപെട്ടത്. 2023 നെ അപേക്ഷിച്ച് 25 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച നടന്ന പോലീസ് കമ്മീഷണർമാരുടെ ബോർഡ് യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

മാനസികാരോഗ്യവും അമിതമായ ലഹരിയുപയോഗവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി ഡോക്ടർ ജോഡി ഏൾ യോഗത്തിൽ പ്രതികരിച്ചു. അതേസമയം മാനസികാരോഗ്യ വെല്ലുവിളികൾ അനുഭവിക്കുന്ന ആളുകളെ ആശുപത്രികളിൽ നിന്നും മാറ്റുന്നതിനായുള്ള പദ്ധതി ചീഫ് കാം മക്ബ്രൈഡ് നടപ്പിലാക്കിയതുമൂലം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട എമർജൻസി റൂമുകളിൽ നിന്നുള്ള 462 പേരെ ഒഴിവാക്കിയിരുന്നു. PACT പ്രോഗ്രാം 47 പേരെയായിരുന്നു തടങ്കൽ സെല്ലുകളിൽ നിന്ന് പുറത്തേക്ക് വിട്ടത്. അതുവഴി പ്രവിശ്യയ്ക്ക് 380,950 ഡോളറിന്റെ ലാഭമുണ്ടാക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ മറ്റൊരുതരത്തിൽ അതും പ്രവിശ്യയിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ആശുപതികളിൽ നിന്നും പിരിഞ്ഞുപോയ രോഗികളിൽ കൂടുതൽപേരും വീടില്ലായ്മ, മാനസിക പിരിമുറുക്കം തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്നു. ഈ രോഗികൾക്ക് അടിയന്തര ചികിത്സ വേണ്ടിവന്നാൽ അത് നൽകാൻ പ്രവിശ്യക്ക് സാധിക്കാതെ വരുന്നതായാണ് വിലയിരുത്തൽ.