ഓട്ടവ : കൊക്കോ വില വീണ്ടും കുതിച്ചുയരുന്നതിനെ തുടർന്ന് ഈസ്റ്ററിന് ചോക്ലറ്റ് വില ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന് വിദഗ്ധർ. കൊക്കോ കൃഷി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലെ കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ കൃഷിയെ ബാധിച്ചതുമൂലം കഴിഞ്ഞ രണ്ട് വർഷങ്ങളായി കൊക്കോ വില ഗണ്യമായി ഉയർന്ന നിലയിലാണ്. 2024 ഫിനാൻഷ്യൽ മാർക്കറ്റുകളിൽ കൊക്കോ വില ടണ്ണിന് 12,000 യുഎസ് ഡോളറിനു മുകളിൽ എത്തിയിരുന്നു. എന്നാൽ അടുത്തിടെ ടണ്ണിന് 8,000 യുഎസ് ഡോളർ എന്ന നിലയിൽ നേരിയതോതിൽ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും എന്നാൽ ഇപ്പോൾ വില ഇരട്ടിയായി ഉയർന്നേക്കുമെന്നാണ് സൂചന.

എന്നാൽ ചോക്ലറ്റ് നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ഉൽപ്പന്നങ്ങളുടെ വില ഗുണനിലവാരത്തിനനുസരിച്ച് നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. കൊക്കോയ്ക്ക് വില കൂടുന്നതിനനുസരിച്ച് ചോക്ലറ്റിന്‍റെ വില വർധിപ്പിക്കുക, മറ്റുകമ്പനികളിലെ ഉല്പന്നത്തിന്‍റെ വിലയ്ക്കനുസരിച്ച് തങ്ങളുടെ ചോക്ലറ്റ് വില നിശ്ചയിക്കുക എന്നത് അസാധ്യമാണെന്ന് വൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാനിയേൽ ചോക്ലറ്റ്സിന്‍റെ ഉടമ ഡാനിയേൽ പോൺസെലെറ്റ് പറഞ്ഞു. വെറും രണ്ട് വർഷങ്ങൾക്കുള്ളിൽ തങ്ങളുടെ നിർമിത ഉൽപ്പന്നമായ ചോക്ലറ്റ് ഈസ്റ്റർ ബണ്ണിയുടെ വില ഇരട്ടിയായി വർധിപ്പിച്ചതായും പോൺസെലെറ്റ് കണക്കാക്കുന്നു.

അതേസമയം സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പണപ്പെരുപ്പ കണക്കുകൾ പ്രകാരം മാർച്ചിൽ മിഠായി ഉൽപ്പന്നങ്ങളുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.7% വർധിച്ചിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതലാണ്. 2024-ൽ പഞ്ചസാര വില വർധന ഉണ്ടായപ്പോൾ മിഠായി നിർമ്മാതാക്കൾക്ക് ചില ഇളവുകൾ ലഭിച്ചെങ്കിലും 2025-ലെ കൊക്കോ വില വർധനയിൽ കാര്യമായ ഇളവുകൾ പ്രതീക്ഷിക്കുന്നില്ലെന്ന് ഫാം ക്രെഡിറ്റ് കാനഡ വ്യക്തമാക്കി. കൊക്ക വില ഇനിയും ഉയർന്നാൽ വ്യാപാര തടസ്സങ്ങൾ രൂക്ഷമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത്രയും വലിയ ചെലവ് വർധന ലഘൂകരിക്കാൻ കമ്പനികൾക്ക് ചെറിയതോതിൽ മാത്രമേ സാധിക്കുവെന്ന് നറിഷ് ഫുഡ് മാർക്കറ്റിംഗിന്‍റെ പ്രസിഡൻ്റ് ജോ-ആൻ മക്ആർതർ പറഞ്ഞു.കൊക്കോ വിലവർധനവിനെ നേരിടാൻ അവർക്ക് ഉൽപ്പന്നങ്ങൾ ചെറുതാക്കാം. കൊക്കോ വെണ്ണയ്ക്ക് പകരം കൊക്കോ സോളിഡുകൾ ഉപയോഗിക്കാം, അല്ലെങ്കിൽ അവരുടെ ഉൽപ്പന്നങ്ങൾ കൂടുതൽ പ്രീമിയമായി മാർക്കറ്റ് ചെയ്യാൻ ശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.