ഓട്ടവ : ബസ് റൂട്ടുകളിൽ പുതിയ മാറ്റങ്ങളും പുതിയ കണക്ഷനുകളും ഉൾപ്പെടുത്തി OC ട്രാൻസ്പോ ‘New Ways to Bus’ പദ്ധതിക്ക് തുടക്കം കുറിച്ചു. സേവനവും വിശ്വാസ്യതയും വർധിപ്പിക്കുക, കമ്മ്യൂണിറ്റി ഹബ്ബുകളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു നെറ്റ്‌വർക്ക് വികസിപ്പിക്കുക എന്നിവയാണ് ‘ന്യൂ വേയ്‌സ് ടു ബസ്’ ന്റെ പ്രധാന ലക്ഷ്യങ്ങൾ. രാജ്യതലസ്ഥാനത്തുടനീളമുള്ള മിക്കവാറും എല്ലാ റൂട്ടുകളും മാറ്റുകയോ പുനർരൂപകൽപ്പന ചെയ്യുകയോ പുതിയ നമ്പർ നൽകുകയോ ചെയ്തിട്ടുണ്ട് . 99.5% സേവന വിശ്വാസ്യത ലക്ഷ്യമിട്ടാണ് OC ട്രാൻസ്‌പോയുടെ ഈ പുതിയ നടപടികൾ.

ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ, ഓരോ 15 മിനിറ്റിലോ അതിൽ കൂടുതലോ ഇടവേളകളിൽ ഓടുന്ന 27 റൂട്ടുകൾ നവീകരണത്തിൽ ഉൾപ്പെടുന്നുണ്ട്. ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടുന്നതും ബസ് സർവീസുകളുടെ എണ്ണം കുറയ്ക്കുന്നതും നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ സഹായിക്കുമെന്ന് OC ട്രാൻസ്‌പോയുടെ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.

എന്നാൽ പുതിയ മാറ്റങ്ങൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ യാത്രക്കാരിൽ ഇത് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ട് . ഇത് തങ്ങളുടെ സമയക്രമങ്ങളെ പൂർണമായും മാറ്റിമറച്ചെന്നും ഇപ്പൊ OC ട്രാൻസ്‌പോയുടെ ഈ പുതിയ നടപടികളോട് പൊരുത്തപ്പെട്ട് വരുന്നതായും ഓട്ടവ നിവാസി ജൂലി ആർച്ചാംബോൾട്ട് പറഞ്ഞു. ചില സർവീസുകൾ സമയക്രമം പാലിക്കുന്നില്ലെന്നും ആറ് മിനിറ്റിനുള്ളിൽ ട്രെയിൻ വരുമെന്ന് നിർദേശം ലഭിച്ചതിനെത്തുടർന്ന് കാത്തിരുന്നെങ്കിലും ഇരുപത് മിനിറ്റിന് സർവീസ് ലഭ്യമായതെന്ന് ട്രാൻസിറ്റ് ഉപയോക്താവായ സിൻഡി ക്രോംപ്റ്റൺ പ്രതികരിച്ചു.
എന്നാൽ ഈ മാറ്റങ്ങൾ വഴി മികച്ച രീതിയിൽ പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് OC ട്രാൻസ്‌പോ ആവർത്തിച്ചു. കൂടുതൽ വിശ്വസനീയമായ സേവനമാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് OC ട്രാൻസ്‌പോയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കത്രീന കാമ്പോസാർക്കോൺ-സ്റ്റബ്സ് പറഞ്ഞു. കൂടാതെ പുതിയ യാത്ര സമയക്രമത്തെക്കുറിച്ചും സർവീസ് മാറ്റങ്ങളെക്കുറിച്ചുമുള്ള യാത്രക്കാരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഈ ആഴ്ച മുഴുവൻ ജീവനക്കാരുടെ സേവനം ലഭ്യമായിരിക്കുമെന്ന് OC ട്രാൻസ്‌പോ വ്യക്തമാക്കി.