കെബെക്ക് സിറ്റി : താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നത് ഉൾപ്പെടെ അടുത്ത നാല് വർഷത്തേക്കുള്ള പ്രവിശ്യയുടെ കുടിയേറ്റ പദ്ധതികൾ പ്രഖ്യാപിച്ച് കെബെക്ക് ഇമിഗ്രേഷൻ മന്ത്രി ജീൻ-ഫ്രാൻസ്വ റോബർജ്. 2025-ലെ ശരത്കാലത്ത് സ്ഥിര താമസക്കാരെ തിരഞ്ഞെടുക്കുന്നതിന് പുതിയ പാത്ത് വേ ആരംഭിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി ജീൻ-ഫ്രാൻസ്വ റോബർജ് അറിയിച്ചു. അതേസമയം താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം നാല് ലക്ഷത്തിൽ നിന്നും രണ്ടു ലക്ഷമായി കുറയ്ക്കണമെന്നും അദ്ദേഹം ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക, ജൂലൈയിൽ സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം ആരംഭിക്കുക, നവംബർ 30 വരെ PEQ കുടിയേറ്റ പാത്ത് വേ താൽക്കാലികമായി നിർത്തിവയ്ക്കൽ നീട്ടൽ, സ്ഥിര താമസത്തിനായി കെബെക്കിലെ നിലവിലുള്ള താൽക്കാലിക താമസക്കാർക്ക് മുൻഗണന നൽകൽ, താൽക്കാലിക വിദേശ തൊഴിലാളികൾക്ക് അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യം നിർബന്ധമാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

മുൻകാല പ്രവചനങ്ങൾക്ക് അനുസൃതമായി, ഈ വർഷം, 48,500 നും 51,500 നും ഇടയിൽ പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുക എന്നതാണ് പ്രവിശ്യ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കെബെക്കിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് ഏറ്റവും പ്രചാരമുള്ള രണ്ട് ഇമിഗ്രേഷൻ പാതകളായിരുന്ന കെബെക്ക് എക്സ്പീരിയൻസ് പ്രോഗ്രാം-കെബെക് ഗ്രാജുവേറ്റ്സ് സ്ട്രീം (PEQ ഡിപ്ലോമുകൾ), സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (SWSP) എന്നീ പാത്ത് വേ വഴിയുള്ള കുടിയേറ്റ അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഇത് ജൂൺ 30 വരെ നീണ്ടുനിൽക്കുമെന്ന് കരുതുന്നു.