വിനിപെഗ് : കാട്ടുതീ രൂക്ഷമായ മാനിറ്റോബയിൽ, ഒഴിപ്പിക്കപ്പെട്ടവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് പ്രവിശ്യാ സർക്കാർ. “വൈൽഡ്ഫയർ ഇൻസിഡന്റൽ സപ്പോർട്ട് പ്രോഗ്രാം” വഴിയാണ് ധനസഹായം വിതരണം ചെയ്യുകയെന്ന് മാനിറ്റോബ പുറത്തിറക്കിയ ഫയർ ബുള്ളറ്റിനിൽ പറയുന്നു. മാനിറ്റോബയിൽ സ്ഥിരതാമസമാക്കിയവരും, ഒഴിപ്പിക്കപ്പെട്ട പ്രദേശങ്ങളിൽ പ്രാഥമിക വസതിയുള്ളവരും, റെഡ് ക്രോസിൽ രജിസ്റ്റർ ചെയ്തവരുമായ ആളുകൾക്ക് ഈ സഹായത്തിന് അർഹതയുണ്ട്. 13 വയസ്സും അതിനു മുകളിലുമുള്ള ഓരോ വ്യക്തിക്കും പ്രതിദിനം 34 ഡോളറും (പ്രതിവാരം 238 ഡോളർ), 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രതിദിനം 27 ഡോളറും (പ്രതിവാരം 189 ഡോളർ) ലഭിക്കും.

ഓൺലൈൻ വഴിയോ 1-800-863-6582 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ സഹായത്തിനായി രജിസ്റ്റർ ചെയ്യാം. റെഡ് ക്രോസിൽ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മാനിറ്റോബ കീവാറ്റിനോവി ഓക്കിമാകാനാക് (MKO) പോലുള്ള സംഘടനകൾ തങ്ങളുടെ പൗരന്മാരെ പെയ്മെൻ്റ് ഫോമുകൾ പൂരിപ്പിക്കാൻ സഹായിക്കുന്നതിനായി അഭയകേന്ദ്രങ്ങളിലും ഹോട്ടലുകളിലും സന്നദ്ധപ്രവർത്തകരെയും ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.