ഓട്ടവ : കാനഡയുടെ ക്രിട്ടിക്കൽ മിനറൽസ് ഉൽപ്പാദനം വേഗത്തിലാക്കണമെന്ന നിർദേശവുമായി കനേഡിയൻ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ പഠനം. കോപ്പർ, നിക്കൽ, ലിഥിയം, ഗ്രാഫൈറ്റ് തുടങ്ങിയ ധാതുക്കളുടെ ഉൽപ്പാദനം വേഗത്തിലാക്കണം. എന്നാൽ, ഇതിനൊപ്പം തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരു വിട്ടുവീഴ്ചയുമില്ലാതെ ഉറപ്പാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
ആഗോള ആവശ്യം നിറവേറ്റാൻ ഉൽപ്പാദനം വർധിപ്പിക്കാൻ ഏകദേശം 6500 കോടി ഡോളർ നിക്ഷേപം ആവശ്യമാണ്. 2040-ഓടെ ആഭ്യന്തര ആവശ്യം മാത്രം നിറവേറ്റാനായില്ലെങ്കിൽ കാനഡയ്ക്ക് പ്രതിവർഷം 1200 കോടി ഡോളറിന്റെ ക്രിട്ടിക്കൽ മിനറൽസ് ഉൽപ്പാദനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

പുതിയ ഖനികൾക്ക് അനുമതി നൽകുന്ന പ്രക്രിയ വേഗത്തിലാക്കണം. എന്നാൽ, തദ്ദേശീയരുടെ അവകാശങ്ങളും പരിസ്ഥിതി സംരക്ഷണവും അവഗണിക്കുന്നത് കൂടുതൽ കാലതാമസത്തിന് കാരണമാകുമെന്നും, അത് തിരിച്ചടിയാകുമെന്നും റിപ്പോർട്ട് അടിവരയിടുന്നു. വിജയകരമായ പദ്ധതികൾക്ക് തദ്ദേശീയ സമൂഹങ്ങളുമായുള്ള ശക്തമായ പങ്കാളിത്തം അനിവാര്യമാണ്.

“ആഗോള ഊർജ്ജ മാറ്റത്തിൽ കാനഡയ്ക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ അവസരമാണ് ക്രിട്ടിക്കൽ മിനറൽസ് നൽകുന്നത്”- കനേഡിയൻ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റിക്ക് സ്മിത്ത് പറഞ്ഞു. ഈ മേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ സർക്കാർ വേഗത്തിൽ നയങ്ങൾ രൂപീകരിക്കണമെന്നും, തദ്ദേശീയ സമൂഹങ്ങളുമായി ബഹുമാനപൂർവ്വമായ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.