ടെഹ്റാന്: ആണവ കേന്ദ്രങ്ങളുടെ സമീപത്തുനിന്ന് ഒഴിയണമെന്ന് ഇറാന് പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി ഇസ്രയേല്‍. ഇറാനിലെ ജനങ്ങള്‍ ആണവായുധ നിര്‍മ്മാണ സൗകര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ഇസ്രായേല്‍ സൈന്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.
‘എല്ലാ ഇറാനിയന്‍ പൗരന്മാര്ക്കും അടിയന്തര മുന്നറിയിപ്പ്: സൈനിക ആയുധ നിര്‍മാണ ഫാക്ടറികളിലും അവയുടെ സഹായ സ്ഥാപനങ്ങളിലുമുള്ള എല്ലാ വ്യക്തികളും ഉടന്‍ തന്നെ ഈ പ്രദേശങ്ങള്‍ വിട്ടുപോകണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരികെ പോകരുതെന്നും അറിയിക്കുന്നു.’ സൈന്യത്തിന്റെ ഫാര്‍സി ഭാഷയിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പറയുന്നു.

അതേസമയം, തങ്ങളുടെ ആക്രമണത്തില്‍ നിന്ന് ഇസ്രയേലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയുടെ പശ്ചിമേഷ്യയിലെ വ്യോമതാവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. എന്നാല്‍ ഇറാന് തലസ്ഥാനമായ ടെഹ്റാന് ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്നും ഇതിന്റെ പേരില്‍ അമേരിക്കയെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ജന്മദിനത്തില് ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അതേസമയം ഇറാനുമായി അമേരിക്ക ആണവ കരാറില്‍ ഏര്‍പ്പെടുന്നത് കാണാന്‍ ഇസ്രായേല്‍ തയ്യാറല്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ടെഹ്റാനില്‍ നയതന്ത്രജ്ഞര്‍ക്ക് മുന്നില്‍ സംസാരിക്കുമ്പോഴാണ് അരാഗ്ചിയുടെ പ്രസ്താവന. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ പദ്ധതി കൈവശം വയ്ക്കാനുള്ള ഞങ്ങളുടെ അവകാശം എടുത്തുകളയാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.