ടെഹ്റാന്: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. 600 വിദ്യാര്‍ത്ഥികളെ ടെഹ്റാനില്‍ നിന്നും ക്വോമിലെക്ക് മാറ്റി. ഉര്‍മിയയില്‍ നിന്നും 110 വിദ്യാര്‍ത്ഥികളെ അര്‍മെനിയന്‍ അതിര്‍ത്തിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി. ടെഹ്റാനില്‍ ജോലി ചെയ്യുന്നത് പതിനായിരത്തോളം ഇന്ത്യക്കാരാണ്.
അപകട സാധ്യത കണക്കിലെടുത്ത് സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും അതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഇറാനിലെ ഇന്ത്യക്കാര്‍ക്കായി വിദേശകാര്യ മന്ത്രാലയം ഹെല്പ്ലൈന് നമ്പര്‍ തുടങ്ങി. +98 9128109115, +98 9128109109 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

അഞ്ചാം ദിവസവും പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 45 പേര് മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ മിസൈല്‍ ശേഖരത്തിന്റെ മൂന്നിലൊന്നും തകര്‍ത്തെന്ന് സൈന്യം അവകാശപ്പെടുന്നു. അതേസമയം, ഇസ്രയേലി നഗരങ്ങളിലേക്കും ഇറാന് ആക്രമണം നടത്തുകയാണ്. ഹൈഫയും ടെല്‍ അവീവും അടക്കം നഗരങ്ങളെ ഉന്നമിട്ട് ഇറാന് മിസൈല്‍ ആക്രമണം നടത്തി. ഇതുവരെ മരണം 21പേര് മരിച്ചതായും 631 പേര്‍ക്ക് പരുക്കേറ്റതായും ഇസ്രയേല്‍ പറയുന്നു.