ടൊറന്റോ: കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവിന് വഴിയൊരുക്കുന്നതിനായി ആൽബർട്ട കൺസർവേറ്റീവ് പാർട്ടി ലീഡർ ഡാമിയൻ കുറേക്ക് എംപി സ്ഥാനം ഔദ്യോഗികമായി രാജിവച്ചു.
കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 20 വർഷമായി പൊളിയേവ് പ്രതിനിധീകരിച്ചിരുന്ന ഓട്ടവ കാൾട്ടൺ റൈഡിങ്ങിൽ അദ്ദേഹം, ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.സ്വന്തം സീറ്റ് നഷ്ടപ്പെട്ടതോടെ പൊളിയേവ് നിലവിൽ പ്രതിപക്ഷ നേതാവല്ല. പൊളിയേവിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കുന്നതിനായാണ് ഡാമിയൻ കുറേക്ക് ആൽബർട്ടയിലെ ബാറ്റിൽ റിവർ–ക്രോഫൂട്ട് സീറ്റ് താൽക്കാലികമായി ഒഴിയുന്നത്.

ഡാമിയൻ കുറേക്കിന്റെ രാജിയെക്കുറിച്ച് ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ചീഫ് ഇലക്ടറൽ ഓഫീസറെ ഔദ്യോഗികമായി അറിയിച്ച് 11 ദിവസത്തിന് ശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പ് നടത്താൻ കഴിയൂ.അതേസമയം കുറേക്ക് രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആദ്യം നടക്കാനുള്ള സാധ്യത കൂടുതലാണ്.