ഡല്‍ഹി: ഇന്ത്യ – കാനഡ ബന്ധം വഷളായതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദര്‍ശനം ഫലപ്രദമെന്ന് വിദേശകാര്യ മന്ത്രാലയം. ജി 7 ഉച്ചകോടിയില്‍ വിവിധ വിഷയങ്ങളില്‍ മികച്ച ചര്‍ച്ചകള്‍ നടന്നതിന് പുറമെ ഉച്ചകോടിക്ക് പുറത്തും ചര്‍ച്ചകളുണ്ടായി. ഇന്ത്യ – കാനഡ ഉഭയകക്ഷി ബന്ധവും ചര്‍ച്ചയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ക്ഷണപ്രകാരം കാനഡയിലെ കനനാസ്കിസില്‍ എത്തിയ മോദി ഉച്ചകോടിയുടെ ഭാഗമായ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു. ജി-7 ഉച്ചകോടിയില്‍ തുടര്‍ച്ചയായ ആറാമത് തവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. തുടര്‍ന്ന് ആല്‍ബര്‍ട്ടയില്‍ വെച്ച് മോദിയും മാര്‍ക്ക് കാര്‍ണിയും കൂടിക്കാഴ്ച നടത്തി.ഇന്ത്യ – കാനഡ ബന്ധം വഷളായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമായതിനാല്‍ തന്നെ അതീവ പ്രാധാന്യമായിരുന്നു ഈ കൂടിക്കാഴ്ച.

ഇരു രാജ്യങ്ങളുടെയും പരസ്പര ബഹുമാനത്തിലും നിയമവാഴ്ചയിലും സ്വതന്ത്ര പരമാധികാരത്തിലും ഊന്നിയ ബന്ധം നിലനിര്‍ത്തുന്നതിന്റെ ആവശ്യകത രണ്ട് നേതാക്കളും ചര്‍ച്ച ചെയ്തതായി കാനഡ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം അതീവ പ്രാധാന്യമുള്ളതാണെന്നും അത് ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പരിശ്രമിക്കുമെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ രണ്ട് രാജ്യങ്ങളും ശ്രമിക്കുമെന്ന് മോദി പറഞ്ഞു. പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയോഗിക്കാന്‍ രണ്ട് രാജ്യങ്ങളും ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിച്ചു.
ഉച്ചകോടിക്ക് മുമ്പ് സൈപ്രസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി അവിടെ നിന്നാണ് കാനഡയില്‍ എത്തിച്ചേര്‍ന്നത്. രണ്ട് ദശാബ്ദത്തിന് ശേഷമാണ് സൈപ്രസിലേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. നിക്കോസിയയില്‍, പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡ്സുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ലിമാസോളില്‍ വ്യവസായ പ്രമുഖരരെ അഭിസംബോധനയും ചെയ്തു. കാനഡ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ക്രൊയേഷ്യയിലേക്ക് നീങ്ങി.