കിച്ചനർ : നഗരത്തിൽ വാഹനങ്ങൾക്കുള്ളിൽ നിന്നും വസ്തുക്കൾ മോഷ്ടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി വാട്ടർലൂ റീജിനൽ പൊലീസ് സർവീസ്. മെയ് പകുതി മുതൽ ജൂൺ ആദ്യവാരം വരെ, മൂന്നാഴ്ചക്കിടെ ഒൻപത് മോഷണക്കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും നോർത്ത്ഡേൽ മേഖലയിലാണ് മോഷണങ്ങൾ കൂടുതലെന്നും അധികൃതർ വ്യക്തമാക്കി.
മിക്ക മോഷണങ്ങളും രാത്രിയിലോ പുലർച്ചെയോ ആണ് നടന്നത്. മെയ് 25-ന് റെജീന സ്ട്രീറ്റ് നോർത്തിലെ ഗാരേജിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് ബാങ്ക് കാർഡുകൾ മോഷ്ടിക്കുകയും, പിന്നീട് സമീപത്തെ കടകളിൽ നിന്ന് അവ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുകയും ചെയ്തതായും പൊലീസ് കണ്ടെത്തി.

പ്രതിയെയോ വാഹനത്തെയോ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-800-222-8477 എന്ന നമ്പറിൽ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുന്നു.