ഓട്ടവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാല്‍ഗറിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. ഡല്‍ഹി സ്വദേശിയായ ടാന്യ ത്യാഗിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനേഴുകാരിയായ ടാനിയുടെ മരണം വന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമല്ലെന്നാണ് എക്സിലെ കുറിപ്പില്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചിരിക്കുന്നത്.
വിദ്യാര്‍ഥിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഇന്ത്യന്‍ എംബസി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി എക്സില്‍ കുറിച്ചു. എംബസിയുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കുടുംബവുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് ദുരൂഹ സാഹചര്യങ്ങളിലും അല്ലാതെയും മരണപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഈ സാഹചര്യത്തില്‍ ടാന്യയുടെ മരണം പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നു. ഈ മാസം ആദ്യം, ഇന്ത്യന്‍ വംശജയും യുഎസ് പൗരയുമായ സുദിക്ഷ കൊനാന്കിയെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ വെച്ച് അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായിരുന്നു.
മാര്‍ച്ച് ആറിന് ലാ അല്ടഗ്രേസിയ പ്രവിശ്യയിലെ റിയു പുന്ത കാന ഹോട്ടലിന് സമീപമുള്ള ബീച്ചില്‍ വെച്ചാണ് പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ സുദിക്ഷയെ അവസാനമായി കണ്ടതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുദിക്ഷക്കായി യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റും എഫ്.ബി.ഐയും ഡൊമിനിക്കന്‍ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.