ദുബായ്: വിദേശവ്യാപാരത്തിനായി യുഎഇയില്‍ പുതിയ മന്ത്രാലയം. രാജ്യത്ത് പുതിയ മന്ത്രാലയം രൂപവത്കരിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. വിദേശവ്യാപാര മന്ത്രിയായി ഡോ. താനി അല്‍ സെയൂദിയെ നിയമിച്ചു. യുഎഇ സാമ്പത്തിക മന്ത്രാലയം യുഎഇ സാമ്പത്തിക, വിനോദസഞ്ചാര മന്ത്രാലയമെന്നും പുനര്‍നാമകരണം ചെയ്തു. വകുപ്പ് മന്ത്രിയായി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി തന്നെ തുടരും.
അടുത്ത വര്‍ഷം ജനുവരി മുതല്‍ മിനിസ്റ്റീരിയല്‍ ഡിവലപ്മെന്റ് കൗണ്‍സില്‍, ഫെഡറല്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍ എന്നിവയുടെ ഉപദേശകസമിതി അംഗമായി ദേശീയ നിര്‍മിതബുദ്ധി സംവിധാനം പ്രവര്‍ത്തിക്കും.

കൗണ്‍സിലുകളുടെ തീരുമാനത്തെ പിന്തുണയ്ക്കാനും വിശകലനം ചെയ്യാനും സാങ്കേതിക തലങ്ങളില്‍ ഉപദേശം നല്‍കാനും സര്‍ക്കാര്‍ നയങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നതെന്ന് ശൈഖ് മുഹമ്മദ് എക്സില്‍ കുറിച്ചു. ലോകം നിരന്തര മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ശാസ്ത്രീയമായും സാമ്പത്തികമായും സാമൂഹികമായും തയ്യാറെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവി തലമുറകള്‍ക്ക് അഭിവൃദ്ധിയും മാന്യമായ ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.