റെജൈന : സസ്കാച്വാനിലെ ഇന്ത്യൻ ഹെഡിന് സമീപം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കാണാതായ യുവതിക്കും പിഞ്ചുകുഞ്ഞിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. 27 വയസ്സുള്ള ആഞ്ചല കെന്നഡിയെയും അവരുടെ ഒരു വയസ്സുള്ള മകൾ ഐവി ആൻഹാൾട്ടിനെയുമാണ് കാണാതായത്. ഇവർ മാനിറ്റോബയിലേക്ക് പോയിരിക്കാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ജൂൺ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 ഓടെ ഹൈവേ 1-ലൂടെ ഇവർ ഈസ്റ്റേൺ സൈഡിലേക്ക് നടന്നുപോകുന്നതാണ് അവസാനമായി കണ്ടത്. കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും, ഇവരുടെ സുരക്ഷയിൽ ആശങ്കയേറുന്നതായും ആർസിഎംപി അറിയിച്ചു. ഏകദേശം 5 അടി 8 ഇഞ്ച് ഉയരവും 200 പൗണ്ട് ഭാരവും നീലക്കണ്ണുകളുമുള്ള ആഞ്ചലയ്ക്ക് സ്വർണ്ണ നിറത്തിലുള്ള മുടിയാണുള്ളത്. ഇടത് കൈയിൽ ടീക്കപ്പുകളുടെയും റോസിന്റെയും ടാറ്റൂവും വലത് കൈയിൽ ഫുൾ സ്ലീവ് ടാറ്റൂവും ഉണ്ട്. കാണാതാകുമ്പോൾ നീല വസ്ത്രമാണ് അവർ ധരിച്ചിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഇവർ പോകാനിടയുള്ള സ്ഥലങ്ങളിൽ ആർസിഎംപി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആഞ്ചല കെന്നഡിയെയോ ഐവി ആൻഹാൾട്ടിനെയോ കണ്ടിട്ടുള്ളവരോ ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളുള്ളവരോ 310-RCMP , 1-800-222-8477 എന്നീ നമ്പറുകളിൽ ഇന്ത്യൻ ഹെഡ് ആർസിഎംപി-യുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.