ഹാലിഫാക്സ് : നഗരസഭാ മേയർക്ക് കൂടുതൽ അധികാരം നൽകാനുള്ള പ്രവിശ്യാ സർക്കാർ ആലോചനയിൽ എതിർപ്പ് വ്യക്തമാക്കി ഹാലിഫാക്സ് സിറ്റി കൗൺസിലർ ഷോൺ ക്ലിയറി. ഇത് പ്രാദേശിക ജനാധിപത്യത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചില തീരുമാനങ്ങളിൽ കൗൺസിലിനെ മറികടക്കാനും ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനും മേയർക്ക് അധികാരം ലഭിച്ചേക്കാമെന്നും ക്ലിയറി ചൂണ്ടിക്കാട്ടി. സൈക്കിൾ പാതകൾ നിർമ്മിക്കുന്നത് നിർത്തിവെക്കാനുള്ള മേയർ ആൻഡി ഫിൽമോറിന്റെ പ്രമേയം കൗൺസിൽ തള്ളിയതിന് പിന്നാലെയാണ് ഈ നീക്കം. ഗതാഗതക്കുരുക്കിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള മേയറുടെ നീക്കത്തെ പ്രീമിയർ ടിം ഹൂസ്റ്റൺ പിന്തുണച്ചിരുന്നു.

പ്രീമിയർ നഗരസഭാ കാര്യങ്ങളിൽ ഇടപെടുകയാണെന്നു പറഞ്ഞ ക്ലിയറി, ഫിൽമോർ അധികാര മോഹിയാണെന്നും ആരോപിച്ചു. അതേസമയം, തനിക്ക് ലഭിച്ചത് ശക്തമായ ജനവിധിയാണെന്നും ഊഹാപോഹങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്നും മേയർ ഫിൽമോർ പ്രതികരിച്ചു. മേയർക്ക് എന്തൊക്കെ ചെയ്യാൻ കഴിയണം എന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നതായും പ്രീമിയറുടെ ഓഫീസ് സ്ഥിരീകരിച്ചു.