റെജൈന : കഴിഞ്ഞ ആഴ്ച പ്രവിശ്യയിൽ അഞ്ച് മണിക്കൂറിനുള്ളിൽ എട്ട് ചുഴലിക്കാറ്റുകൾ ആഞ്ഞുവീശിയതായി സ്ഥിരീകരിച്ച് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ. ജൂൺ 19-ന് സസ്‌കാച്വാനിൽ ശക്തമായ ഇടിമിന്നലുകൾക്കൊപ്പമുണ്ടായ ചുഴലിക്കാറ്റുകൾ വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. അസ്ഥിരമായ കാറ്റ്, ശക്തമായ ഇടിമിന്നലിനും ചുഴലിക്കാറ്റുകൾക്കും അനുകൂലമായ സാഹചര്യമൊരുക്കിയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ക്രോഫോർഡ് ലൂക്ക് പറഞ്ഞു. ഇത്തരത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നത് അസാധാരണമാണെങ്കിലും മുൻപും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈകുന്നേരം 4:23-നും രാത്രി 9:10-നും ഇടയിലാണ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി ചുഴലിക്കാറ്റുകൾ ഉണ്ടായത്. ഇവയിൽ രണ്ടെണ്ണം വലിയ നാശനഷ്ടങ്ങൾ വരുത്തി. വൈദ്യുതി തൂണുകളും മരങ്ങളും നിലംപൊത്തുകയും എണ്ണടാങ്കുകൾ പറന്നുപോവുകയും ചെയ്തു. ചില ഫാം യാർഡുകൾക്കും കേടുപാടുകൾ സംഭവിച്ചു.
സസ്‌കാച്വാനിൽ ഒരു വർഷം ശരാശരി 15 ചുഴലിക്കാറ്റുകളാണ് ഉണ്ടാകാറുള്ളത്. ഈ വർഷം ഇതുവരെ 12 ചുഴലിക്കാറ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.