റെജൈന : പ്രവിശ്യയിൽ കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും വൻ കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ട്. കെട്ടിടങ്ങൾക്കും യന്ത്രസാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിളകളുടെ വളർച്ചയെ കൂടുതൽ തണുപ്പുള്ള കാലാവസ്ഥ മന്ദഗതിയിലാക്കിയതായും പ്രവിശ്യയുടെ ക്രോപ് റിപ്പോർട്ടിൽ പറയുന്നു. ഓയിൽസീഡ് വിളകളാണ് സാധാരണ വളർച്ചാ ഘട്ടത്തേക്കാൾ പിന്നിലുള്ളത്. പ്രവിശ്യയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലെ വിളകൾ മികച്ച നിലയിലാണെങ്കിലും കിഴക്ക്-മധ്യ, വടക്ക്-കിഴക്കൻ മേഖലകളിലെ വിളകൾ വളർച്ചയിൽ ഏറെ പിന്നിലാണ്. ഈ മേഖലകളിലെ വിളകൾക്ക് വളർച്ചയെത്താൻ കൂടുതൽ ചൂടുള്ള കാലാവസ്ഥയും മഴയും ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. കന്നുകാലികൾക്കുള്ള ജലവിതരണത്തെയും മഴയുടെ കുറവ് ബാധിച്ചിട്ടുണ്ട്.

ആലിപ്പഴം, കാറ്റ് എന്നിവ കാരണം നാശനഷ്ടം സംഭവിച്ച വിളകളിൽ എത്രത്തോളം വീണ്ടെടുക്കാൻ കഴിയുമെന്ന് കർഷകർ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ചെറിയ തോതിലുള്ള മഞ്ഞുവീഴ്ചയും ചിലയിടങ്ങളിൽ ഗോഫർ, ഫ്ലീ ബീറ്റിൽ തുടങ്ങിയ കീടങ്ങളും കൃഷിക്ക് ഭീഷണിയാകുന്നുണ്ട്. സസ്കാച്വാനിലെ മാക്ലിൻ, വിൽകി, സെമാൻസ് തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ ആഴ്ച കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. മാക്ലിൻ മേഖലയിൽ 108 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ, വിൽകിയിൽ 107 മില്ലിമീറ്ററും സെമാൻസിൽ 99 മില്ലിമീറ്ററും ലൂസെലാൻഡിൽ 96 മില്ലിമീറ്ററും മഴ പെയ്തു.