തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐ.പി.എസ്. ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ താല്‍ക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ കൈമാറി.
സംസ്ഥാന പൊലിസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ഒരു വ്യക്തി മാധ്യമപ്രവര്‍ത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തി, തനിക്ക് നീതി ലഭിക്കാത്ത ഒരു കേസിനെക്കുറിച്ച് ഡിജിപിയോട് നേരിട്ട് സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ പരാതിയില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും, തനിക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഈ അപ്രതീക്ഷിത ഇടപെടല്‍ വാര്‍ത്താ സമ്മേളനത്തില്‍ അല്പനേരത്തേക്ക് ആശയക്കുഴപ്പമുണ്ടാക്കി. ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇയാളെ പിടിച്ചുമാറ്റുകയും സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ചെയ്തു.

പരാതിക്കാരന്‍ ആരാണെന്നോ, എന്തായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യമെന്നോ വ്യക്തമായിട്ടില്ല. വാര്‍ത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ തേടിയെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല. പരാതി പരിശോധിക്കാമെന്നാണ് വാര്‍ത്താസമ്മേളനത്തിനിടെ റവാഡ ചന്ദ്രശേഖര്‍ ഇദ്ദേഹത്തിന് മറുപടി നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും നന്ദി പറഞ്ഞ് പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. കേരള പൊലീസ് പ്രൊഫഷണല്‍ സേനയാണെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ലഹരി മരുന്ന് തടയാന്‍ ശക്തമായ നടപടിയെടുക്കും. നിലവില്‍ ചില ഡ്രൈവുകള്‍ നടക്കുന്നുണ്ട്. കൂടുതല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.