തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കണ്ണില്‍ തട്ടിയതും അതിന് നടന്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമത്തില്‍ വൈറല്‍. തിരുവനന്തപുരത്ത് ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരത്തിനെ ചാനലുകാര്‍ വളഞ്ഞത്. ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടുകയായിരുന്നു.
മകള്‍ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഒന്നും പറയാനില്ലെന്ന് പറഞ്ഞ് കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടുകയായിരുന്നു. പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് ഐഡി മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടിയത്. ‘എന്താ മോനേ ഇത് കണ്ണല്ലേ’ എന്ന് ചോദിച്ച മോഹന്‍ലാല്‍ ‘നിന്നെ ഞാന്‍ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്. കനത്ത പൊലീസ് കാവലിനിടെയായിരുന്നു സംഭവം.

അതേസമയം, മകള്‍ വിസ്മയയുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ‘ഞാന്‍ അറിഞ്ഞില്ല ഒന്നും’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ അരങ്ങേറ്റ സിനിമയുടെ പേര് മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ 37ാമത് ചിത്രത്തില്‍ നായികയായാണ് വിസ്മയയുടെ അരങ്ങേറ്റം. മകന്‍ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തുടക്കം എന്നാണ് സിനിമയുടെ പേര്.