കാൽഗറി : നഗരത്തിലെ കുടിവെള്ള വിതരണത്തിൽ ഫ്ലൂറൈഡ് ചേർത്ത നടപടിക്കെതിരെ കോടതിയെ സമീപിച്ച് സേഫ് വാട്ടർ കാൽഗറി.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫ്ലൂറൈഡേഷൻ നടപ്പിലാക്കുന്നത്. ഫ്ലൂറൈഡേഷൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ഹർജി ഫയൽ ചെയ്തു. ജലവിതരണത്തിൽ ഫ്ലൂറൈഡ് വീണ്ടും കൊണ്ടുവരാനുള്ള ശ്രമങ്ങൾ കഴിഞ്ഞ നാല് വർഷത്തിനിടെ പലതവണ തടസ്സപ്പെട്ടിരുന്നു. ജലശുദ്ധീകരണ പ്ലാന്റുകളുടെ നവീകരണച്ചെലവാണ് സിറ്റി ഇതിന് തടസ്സമായി പറഞ്ഞിരുന്നത്. പല്ല് നശിക്കുന്നത് തടയാൻ സഹായിക്കുന്ന ഘടകമാണ് ഫ്ലൂറൈഡ്. അതിനാൽത്തന്നെ പൊതു ജലവിതരണ സംവിധാനങ്ങളിൽ ഇത് ചേർക്കുന്നത് സാധാരണമാണ്.

എന്നാൽ, 2021-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിനൊപ്പം നടത്തിയ ഹിതപരിശോധനയിൽ 62% പേർ ഫ്ലൂറൈഡേഷനെ പിന്തുണച്ചിരുന്നു. അതേസമയം, കാൽഗറിയിലെ 65% കുട്ടികൾക്കും പല്ലിന് ക്ഷയമുണ്ടെന്നും, ഫ്ലൂറൈഡേഷൻ നിലവിലുള്ള എഡ്മിന്റനിൽ ഇത് 55% മാത്രമാണെന്നും പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളെയും ജനഹിതപരിശോധന ഫലത്തെയും കണക്കിലെടുത്താണ് സിറ്റി കൗൺസിലിന്റെ തീരുമാനപ്രകാരം ഫ്ലൂറൈഡ് വീണ്ടും ചേർക്കാൻ തുടങ്ങിയത്.

എന്നാൽ, പഴയ വിവരങ്ങളും കാലഹരണപ്പെട്ട പൊതുജനാഭിപ്രായവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഫ്ലൂറൈഡേഷനെ എതിർത്ത് സേഫ് വാട്ടർ കാൽഗറി വക്താക്കൾ അഭിപ്രായപ്പെട്ടു. ഇവരുടെ ഹർജി അടുത്തയാഴ്ച കോടതി പരിഗണിക്കും.