ജനീവ : അടുത്ത പത്ത് വർഷത്തിനുള്ളിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, മദ്യം, പുകയില എന്നിവയുടെ വില 50% വർധിപ്പിക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങൾ നിയന്ത്രിക്കുകയും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സെവില്ലെയിൽ നടന്ന യുഎൻ ഫിനാൻസ് ഫോർ ഡെവലപ്‌മെൻ്റ് കോൺഫറൻസിലാണ് WHO ഈ നിർദേശം മുന്നോട്ടുവെച്ചത്.

ഈ വില വർധന വഴി പ്രമേഹം, കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ സാധിക്കുമെന്ന് WHO പറയുന്നു. ‘ഹെൽത്ത് ടാക്സുകൾ നമ്മുടെ പക്കലുള്ള ഏറ്റവും കാര്യക്ഷമമായ ഉപകരണങ്ങളിൽ ഒന്നാണ്. പ്രവർത്തിക്കേണ്ട സമയമാണിത്’- WHO പ്രതിനിധി ജെറമി ഫറാർ പറഞ്ഞു. ‘3 by 35’ എന്ന തന്ത്രപരമായ പദ്ധതിയിലൂടെ 2035 ഓടെ 1 ട്രില്യൺ ഡോളർ സമാഹരിക്കാനാണ് WHO ലക്ഷ്യമിടുന്നത്.

വികസ്വര രാജ്യങ്ങൾക്ക് ഇത് ഗണ്യമായ സാമ്പത്തിക സഹായം നൽകുമെന്നും ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുമെന്നും WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ സമാനമായ നികുതി വർധന നല്ല ഫലങ്ങൾ നൽകിയിട്ടുണ്ടെന്ന് WHO പറയുന്നു. എന്നാൽ, ഈ നിർദ്ദേശം വ്യവസായ പ്രതിനിധികളിൽ നിന്ന് എതിർപ്പ് നേരിടുന്നുണ്ട്. പഞ്ചസാര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നത് പൊണ്ണത്തടി കുറയ്ക്കാനോ ആരോഗ്യപരമായ ഫലങ്ങൾ മെച്ചപ്പെടുത്താനോ സഹായിക്കില്ലെന്നാണ് ഇവരുടെ വാദം.