ടൊറന്റോ : നഗരത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ, ‘ഹീറ്റ് റിലീഫ് നെറ്റ്‌വർക്ക്’ ഈ വാരാന്ത്യവും പ്രവർത്തിക്കുമെന്ന് ടൊറന്റോ സിറ്റി. അഞ്ഞൂറിലധികം തണുപ്പേറിയ ഇടങ്ങൾ പൊതുജനങ്ങൾക്കായി തുറക്കും. ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ, നീന്തൽക്കുളങ്ങൾ എന്നിവ ഇതിൽപ്പെടും. നോർത്ത് യോർക്ക്, സ്കാർബ്റോ, എറ്റോബിക്കോ, യോർക്ക്, ഈസ്റ്റ് യോർക്ക് സിവിക് സെന്ററുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ അഞ്ച് എയർ കണ്ടീഷൻ ചെയ്ത കെട്ടിടങ്ങൾ രാവിലെ 8 മുതൽ രാത്രി 9:30 വരെ തുറന്നിരിക്കും. ശനിയാഴ്ച ഉച്ച മുതൽ മെട്രോ ഹാൾ റൊട്ടുണ്ട 24 മണിക്കൂറും കൂൾ സ്പേസ് ആയി ലഭ്യമാക്കും.

നഗരത്തിലെ 58 ഔട്ട്ഡോർ പൂളുകൾ ഈ വാരാന്ത്യം രാവിലെ 10 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. അലക്സ് ഡഫ് മെമ്മോറിയൽ പൂൾ, സണ്ണിസൈഡ് ഗസ് റൈഡർ ഔട്ട്ഡോർ പൂൾ ഉൾപ്പെടെയുള്ള ചില പൂളുകൾക്ക് രാത്രി 11:45 വരെയും ഹാൽബെർട്ട് പാർക്ക് പൂളിന് രാത്രി 9 വരെയും സമയം നീട്ടിയിട്ടുണ്ട്. ജൂണിൽ പൂളുകൾ അടച്ചിടേണ്ടി വന്ന സാഹചര്യം ഒഴിവാക്കാൻ, ജീവനക്കാരുടെ എണ്ണം 30% വർധിപ്പിക്കുകയും ലൈഫ് ഗാർഡുകൾക്ക് ഫാനും ഷേഡ് സ്ട്രക്ചറുകളും സ്ഥാപിക്കുകയും ചെയ്യും. കൂടാതെ, 140 സ്പ്ലാഷ് പാഡുകൾ എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 8:30 വരെയും തുറന്നിരിക്കും. 85 വേഡിങ് പൂളുകളും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.