വിനിപെഗ് : നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീ വൈദ്യുതി തടസ്സത്തിന് കാരണമായതിനെ തുടർന്ന് വടക്കൻ മാനിറ്റോബ പട്ടണമായ ലിൻ ലേക്കിൽ രണ്ടാമതും ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ലിൻ ലേക്കിലെ 600 നിവാസികളോട് വീടുകൾ ഒഴിഞ്ഞുപോകാൻ അധികൃതർ അറിയിച്ചു.

കാട്ടുതീ മാനിറ്റോബ ഹൈഡ്രോ ട്രാൻസ്മിഷൻ ലൈനുകളെ ബാധിച്ചാൽ, താമസക്കാർക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ടൗൺ പറയുന്നു. ഒഴിയേണ്ടി വന്ന നിവാസികൾക്കായി ലിൻ ലേക്ക് നിന്ന് 1,100 കിലോമീറ്ററിലധികം അകലെയുള്ള ബ്രാൻഡൻ നഗരത്തിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. സമീപ വർഷങ്ങളിലെ ഏറ്റവും മോശം കാട്ടുതീ സീസണുകളിൽ ഒന്നാണ് മാനിറ്റോബ അനുഭവിക്കുന്നത്. പ്രവിശ്യയിലുടനീളം നിലവിൽ 60 കാട്ടുതീകൾ കത്തുന്നുണ്ട്. അതിൽ 17 എണ്ണം നിയന്ത്രണാതീതമാണ്.