വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വഴിപിരിഞ്ഞ ഇലോൺ മസ്ക് ‘ ദ അമേരിക്ക പാര്‍ട്ടി’ എന്ന പേരിൽ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
നിലവിലെ റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്‌ക് തുറന്നടിച്ചു. ജനങ്ങൾക്ക് സ്വാതന്ത്രം തിരിച്ചു നൽകാനാണ് പുതിയ പാർട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. പാർട്ടി രൂപീകരിക്കാൻ എക്സ് പ്ലാറ്റ്ഫോമിൽ ജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമാണ് സുപ്രധാന തീരുമാനം.

മസ്കിന്‍റെ എക്സ് പ്ലാറ്റ്ഫോമിലൂടെ തന്നെയാണ് അമേരിക്ക പാര്‍ട്ടിയുടെ പ്രഖ്യാപനവും നടത്തിയത്. നേരത്തെ എക്സിൽ പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം തേടിയുള്ള അഭിപ്രായ സര്‍വേക്ക് മറുപടിയായിട്ടാണ് പ്രഖ്യാപന പോസ്റ്റ് ഇട്ടിരിക്കുന്നത്.

നിങ്ങള്‍ക്ക് പുതിയ ഒരു പാര്‍ട്ടി വേണമെന്നാണ് ആവശ്യമെന്ന് വ്യക്തമായെന്നും അത് സംഭവിച്ചിരിക്കുന്നുവെന്നും മസ്ക് കുറിച്ചു. പാഴ്ചെലവും അഴിമതിയും കാരണം രാജ്യത്തെ കടക്കെണിയിലാക്കുന്ന സാഹചര്യത്തിലേക്ക് വരുമ്പോള്‍ നമ്മള്‍ ജനാധിപത്യത്തിൽ അല്ല ഒരു പാര്‍ട്ടി സമ്പ്രദായത്തിലാണ് ജീവിക്കുന്നത്. അതിനാൽ ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചു നൽകാൻ വേണ്ടിയാണ് അമേരിക്ക പാര്‍ട്ടി ഇന്ന് രൂപീകരിച്ചിരിക്കുന്നതെന്ന് ഇലോണ്‍ മസ്ക് കുറിച്ചു.