ഹിമാചല്‍ പ്രദേശ്: ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ക്ക് ആത്മീയ വഴികാട്ടിയും സമാധാനത്തിന്റെ പ്രതീകവുമായ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇന്ന് തൊണ്ണൂറ് വയസ്സ് തികയുന്നു. ഹിമാചല്‍ പ്രദേശിലെ ധരംശാലയിലെ മക്ലിയോഡ്ഗഞ്ചില് വിപുലമായ ജന്മദിനാഘോഷങ്ങളാണ് നടക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ബുദ്ധമത വിശ്വാസികള്‍ ധരംശാലയിലേക്ക് എത്തും. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടന്ന ആഘോഷങ്ങള്‍ക്ക് നടുവില്‍, താന്‍ ഒരു ”ലളിതനായ ബുദ്ധ സന്യാസി” മാത്രമാണെന്ന് അദ്ദേഹം ലോകത്തോട് പ്രഖ്യാപിച്ചു. കാരുണ്യം, ഊഷ്മളത, ആന്തരിക സമാധാനം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഭൗതിക ആഘോഷങ്ങള്‍ക്കപ്പുറം മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ഈ വിശുദ്ധദിനം ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വടക്കുകിഴക്കന്‍ ടിബറ്റിലെ ആംഡോ പ്രവിശ്യയിലെ ഒരു ദരിദ്ര കര്‍ഷക കുടുംബത്തിലാണ് ടെന്സിന് ഗ്യാറ്റ്സോ ജനിച്ചത്. ലാമോ തോണ്ടുപ് എന്നായിരുന്നു വീട്ടുകാര്‍ നല്കിയ പേര്. പതിമൂന്നാം ദലൈലാമ തുംപ്റ്റന്‍ ഗ്യാറ്റ്സോ അന്തരിച്ചതിനെത്തുടര്‍ന്ന് പുതിയ ലാമയെ തേടി അനുയായികള്‍ നടത്തിയ മാസങ്ങള്‍ നീണ്ട യാത്രക്കൊടുവിലാണ് ലാമോ തോണ്ടുപ്പിനെ കണ്ടെത്തിയത്. പിന്നീട് സന്യാസം സ്വീകരിച്ച് ടെന്സിന് ഗ്യാറ്റ്സോ എന്ന പുതിയ പേര് സ്വീകരിച്ചു.

പ്രാഥമിക വിദ്യാഭ്യാസവും ടിബറ്റന്‍ സംസ്കാരത്തിലും വൈദ്യത്തിലും ബുദ്ധ തത്ത്വചിന്തയിലും ആഴത്തിലുള്ള അറിവ് അദ്ദേഹം നേടി. പതിനഞ്ചാമത്തെ വയസ്സില്‍, ടിബറ്റിന്റെ താത്കാലിക നേതാവായി ചുമതലയേറ്റു. 1959-ല്‍ ടിബറ്റിനെ ആക്രമിച്ച ചൈനീസ് പട്ടാളം തന്നെ അറസ്റ്റു ചെയ്തേക്കുമെന്ന് തിരിച്ചറിഞ്ഞ ദലൈലാമ സൈനിക വേഷത്തില്‍ രഹസ്യമായി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു. ചൈനീസ് പട്ടാളം ടിബറ്റ് പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കി. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ദലൈലാമയെയും അദ്ദേഹത്തിന്റെ സംഘത്തെയും സസന്തോഷം സ്വീകരിച്ചു.
ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലും കര്‍ണാടകത്തിലെ കുടകിലും ദലൈലാമയ്ക്കും സംഘത്തിനും ഇന്ത്യ ഭൂമി അനുവദിച്ചു. ഇത് ചൈനയെ പ്രകോപിപ്പിച്ചു. മൂന്നു വര്‍ഷത്തിനുശേഷം ചൈന ഇന്ത്യയെ ആക്രമിച്ചു. ഇന്ത്യയുടെ അനുമതിയോടെ ദലൈലാമയും സംഘവും മസൂറിയില്‍ ടിബറ്റന്‍ സര്‍ക്കാര്‍ സ്ഥാപിച്ചു. പിന്നീട് അത് ധര്‍മശാലയിലെ മക്ലിയോണ് ഗഞ്ചിലേക്ക് മാറ്റി. ദലൈലാമ എല്ലാത്തിന്റെയും പരമാധികാരിയായി തുടരുകയാണ്. തൊണ്ണൂറാം വയസ്സിലും ദലൈലാമ ഇന്ത്യയില്‍ തുടരുന്നു.

വര്‍ഷങ്ങളായി ഉയര്‍ന്നു കേട്ട വലിയ ചോദ്യം, ഇനിയൊരു ദലൈലാമ ഉണ്ടാകുമോ എന്നതായിരുന്നു. എന്നാല്‍, തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന് ദലൈലാമ പ്രഖ്യാപിച്ചതോടെ ആ ചോദ്യത്തിന് ഉത്തരമായി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സമാധാനത്തിന്റെയും കരുണയുടെയും പ്രതീക്ഷയുടെയും പ്രതീകമായി അദ്ദേഹം നിലകൊള്ളുന്നു.