ദോഹ: ഗാസയിലെ 21 മാസം നീണ്ടുനിന്ന സംഘര്‍ഷത്തിന് വിരാമമിടാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കി, വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും സംബന്ധിച്ച ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി ഇസ്രയേല്‍ ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു. അമേരിക്കന്‍ പിന്തുണയുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് ഹമാസ് അനുകൂല നിലപാടെടുത്തതിന് പിന്നാലെയാണ് ഈ നീക്കം. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനോട് ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതോടെ, ചര്‍ച്ചകള്‍ക്ക് പുതിയ ഊര്‍ജം ലഭിച്ചിരിക്കുകയാണ്.
ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, പേര് വെളിപ്പെടുത്താത്ത ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ പ്രതിനിധി സംഘത്തിന്റെ ദോഹയിലേക്കുള്ള യാത്ര സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടാണ് സൂചിപ്പിക്കുന്നത്.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം 2023 ഒക്ടോബര്‍ 7നാണ് ആരംഭിച്ചത്. ഇസ്രായേലി കണക്കുകള്‍ പ്രകാരം, ഹമാസ് തെക്കന്‍ ഇസ്രായേലിനെ ആക്രമിച്ച് 1,200 ഓളം പേരെ കൊലപ്പെടുത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഇസ്രായേലിന്റെ പ്രതികാര സൈനിക ആക്രമണത്തില്‍ 57,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു.