ടെല്‍ അവീവ്: കഴിഞ്ഞ മാസം നടന്ന യുദ്ധത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ അഞ്ച് ഇസ്രയേലി സൈനിക താവങ്ങളില്‍ ആഘാതമേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പങ്കിട്ട ഉപഗ്രഹ ഡാറ്റ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യത്തിനുണ്ടായ തിരിച്ചടി സംബന്ധിച്ചുള്ള വിവരങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്.
ഇസ്രയേല്‍ പ്രതിരോധസേനയുടെ താവളങ്ങളിലും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സൈനിക സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കാരണം ഇസ്രയേലില്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞിരുന്നതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ നോഫ് വ്യോമതാവളം, ഗ്ലിലോട്ട് രഹസ്യാന്വേഷണ താവളം, കൂടാതെ സിപ്പോറിറ്റ് ആയുധ നിര്‍മ്മാണ താവളം എന്നിവിടങ്ങളിലടക്കമാണ് ഇറാന്റെ മിസൈലാക്രമണം ആഘാതം ഏൽപിച്ചതെന്ന് ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

ആറ് റോക്കറ്റുകളാണ് ഇസ്രയേലി സൈനിക താവളങ്ങളില്‍ പതിച്ചത്. കൂടാതെ ഇസ്രയേലിന്റെയും യുഎസിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് മറ്റ് 36 മിസൈലുകള്‍ ഇസ്രയേലിനുള്ളില്‍ പതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 28 പേരുടെ മരണത്തിനിടയാക്കുകയും, 240 കെട്ടിടങ്ങള്‍ക്കും രണ്ട് സര്‍വ്വകലാശാലകള്‍ക്കും, ഒരു ആശുപത്രിക്കും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. 13,000-ത്തിലധികം ഇസ്രയേലികളെ ഭവനരഹിതരാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.