മൺട്രിയോൾ: മൺട്രിയോൾ മാഫിയ തലവൻ ലിയോനാർഡോ റിസുട്ടോയുടെ അഭിഭാഷക ലൈസൻസ് സസ്പെൻഡ് ചെയ്‌ത് കെബെക്കിലെ ബാർ അസോസിയേഷനായ ബാരിയോ ഡു കെബെക്ക്. പ്രവിശ്യയിൽ നടന്ന നിരവധി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം റിസുട്ടോയെ പൊലീസ് അറസ്റ്റ് ചെയ്‌തതിനെ തുടർന്നാണ് ബാർ അസോസിയേഷന്റെ ഈ നടപടി.

ജൂലൈ 2 മുതൽ റിസുട്ടോയുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്‌തതായി ബറോ ഡു കെബെക്ക് അറിയിച്ചു. 1999 ൽ ലൈസൻസ് നേടിയ റിസുട്ടോ മൺട്രിയോളിലും ലാവലിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. അമ്പത്താറുകാരനായ റിസുട്ടോ, പരേതനായ പ്രശസ്ത മാഫിയ തലവൻ വിറ്റോ റിസുട്ടോയുടെ ഇളയ മകനാണ്. കഴിഞ്ഞ മാസം സുറെറ്റെ ഡു കെബെക്കും (എസ്‌ക്യു) മൺട്രിയോൾ പൊലീസും (എസ്‌പിവിഎം) സംയുക്തമായി നടത്തിയ പ്രോജക്ട് അലയൻസ് എന്ന ഓപ്പറേഷനിൽ അറസ്റ്റിലായ 11 പേരിൽ റിസുട്ടോയും ഉൾപ്പെട്ടിരുന്നു. അറസ്റ്റിലായ പ്രതികൾ ഇറ്റാലിയൻ മാഫിയ, ഹെൽസ് ഏഞ്ചൽസ്, ക്രിമിനൽ സ്ട്രീറ്റ് ഗുണ്ടാസംഘങ്ങൾ എന്നിവയിലെ അംഗങ്ങളാണെന്ന് പൊലീസ് പറയുന്നു.