ഓട്ടവ : കെബെക്കിലെ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഇയാൾക്ക് വേണ്ടി കാനഡയിൽ ഉടനീളം പൊലീസ് വാറന്റ് പുറപ്പെടുവിച്ചു. ഒന്റാരിയോ പ്രവിശ്യാ പൊലീസ്, കെബെക്ക് പൊലീസ് സേനയുമായി ചേർന്ന് 69 വയസ്സുള്ള ലോറി ബിൽ ജെർമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
1992-ലെ കൊലപാതക കേസിലാണ് ജെർമ ശിക്ഷ അനുഭവിച്ചിരുന്നത്. 5 അടി 8 ഇഞ്ച് ഉയരവും 165 പൗണ്ട് ഭാരവുമുള്ള ഇയാൾക്ക് കഷണ്ടിയും തവിട്ടുനിറമുള്ള കണ്ണുകളുമുണ്ട്. വാൾ, കടൽക്കുതിരകൾ, ഡ്രാഗണുകൾ, മേഘങ്ങൾ, മിന്നൽ, ഗ്രിം റീപ്പർ,ഫ്ലയിങ് സ്‌കൾ തുടങ്ങിയ നിരവധി ടാറ്റൂകൾക്കൊപ്പം, “കരോൾ” എന്ന പേരും ഇയാൾ ശരീരത്തിൽ പച്ച കുത്തിയിട്ടുണ്ട്. ഇടത് പുരികത്തിന് മുകളിൽ ഒരു പാടുള്ളതായും പൊലീസ് പറയുന്നു.

അതേസമയം, പ്രതി ഒന്റാരിയോയിലെ സൗത്ത് ബ്രൂസ്, ഹാനോവർ, ഗ്രേ-ബ്രൂസ് എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു. ഇയാളെ സമീപിക്കരുതെന്നും കണ്ടാൽ ഉടൻ 911-ൽ വിളിച്ച് അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.