തമിഴ്നാട്ടിലെ സെമ്മന്‍കുപ്പത്ത് സ്‌കൂള്‍ ബസ് ട്രെയിനില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. പത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ചെന്നൈയില്‍ നിന്ന് വന്ന എക്സ്പ്രസ് ട്രെയിനിലാണ് ബസ് ഇടിച്ചത്. ആളില്ലാ ലെവല്‍ ക്രോസിലാണ് അപകടം സംഭവിച്ചത്. ബസ് പൂര്‍ണമായി തകരുകയും ചെയ്തു. റെയില്‍വേ ഗേറ്റ് കീപ്പറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഗേറ്റ് അടയ്ക്കാതെ തുറന്നിട്ടിരിക്കുകയായിരുന്നു.

ട്രെയിന്‍ വരുന്നത് കണ്ടിട്ടും ബസ് ഡ്രൈവര്‍ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സ്‌കൂളിലേക്ക് കുട്ടികളെ പിക്ക് അപ്പ് ചെയ്യാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് ബസില്‍ കുറച്ച് കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.