കാനഡയിൽ പ്രവേശിക്കുമ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ നിർബന്ധമായും ArriveCAN ആപ്പ് ഉപയോഗിക്കണമെന്ന നിയമത്തിന് ഇനി അൽപായുസ് മാത്രം. വരില്ല. കൊവിഡ്-19 അതിർത്തി നിയമങ്ങളിലെ പൊളിച്ചെഴുത്തോടെ വേണമെങ്കിൽ മാത്രമുപയോഗിക്കാം എന്ന രീതിയിലേക്കാണ് ആപ്പിന്‍റെ ഉപയോഗം പരിവർത്തനം ചെയ്യപ്പെടുക.
ഈയൊരു മാറ്റത്തിൽ സന്തുഷ്ടരാണ് യാത്രക്കാരിൽ ഏറിയ പങ്കുമെങ്കിലും ഭാവിയിലും ഇത് കൊണ്ട് ഉപകാരമുണ്ടായേക്കാം എന്ന് കരുതുന്നവരുമുണ്ട് കൂട്ടത്തിൽ. ആപ്പ് ഓപ്‌ഷണൽ ആക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ എന്തിനാണ് ഈ ആപ്പ് പുറത്തിറക്കിയത്, ഭാവിയിൽ ഇതിന്‍റെ ഉപയോഗങ്ങൾ എന്തെല്ലാം എന്നിവയെക്കുറിച്ച് വിശദമായറിയാം.
ആപ്പിന്‍റെ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നു?
കാനഡയിൽ എത്തുന്ന യാത്രക്കാർ കൊവിഡുമായി ബന്ധപ്പെട്ട ബോർഡർ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആശയവിനിമയ, സ്ക്രീനിംഗ് ഉപകരണമായി ഉപയോഗിക്കുകയെന്ന പ്രഖ്യാപിത ഉദ്ദേശ്യത്തോടെ 2020 ഏപ്രിലിൽ ആണ് സർക്കാർ ArriveCAN ആപ്പ് പുറത്തിറക്കുന്നത്.
യാത്രക്കാർ അവരുടെ കോൺടാക്റ്റ് വിവരങ്ങളും യാത്രാ വിവരങ്ങളും ഒരു ക്വാറന്‍റൈൻ പ്ലാനും ഇതിൽ അപ്‌ലോഡ് ചെയ്യും. 2020 നവംബർ വരെ ആപ്പ് നിർബന്ധമാക്കില്ലെന്നായിരുന്നു ആദ്യം മുന്നോട്ടുവച്ചിരുന്ന തീരുമാനം. എന്നാൽ 2021 ജൂലൈയോടെ ആപ്പിന്‍റെ പുതിയ പതിപ്പിറങ്ങി. പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച കനേഡിയൻ പൌരന്മാരും അതിർത്തി കടക്കുന്ന സ്ഥിര താമസക്കാരും മടങ്ങിയെത്തിയാൽ ഇനി ക്വാറന്‍റൈൻ ചെയ്യേണ്ടതില്ല – എന്നാൽ അവർ അവരുടെ വാക്സിനേഷൻ ഡോക്യുമെന്‍റേഷൻ ആപ്പിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ടെന്ന് പുതിയ നിയമവും എഴുതിച്ചേർക്കപ്പെട്ടു.
ഫോണിൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയാത്തവർ വെബ്സൈറ്റ് പതിപ്പ് ഉപയോഗിക്കണം. യാത്രക്കാർ അവരുടെ വിവരങ്ങൾ നൽകിയാൽ, കനേഡിയൻ ബോർഡർ ഓഫീസർമാർക്ക് മുമ്പിൽ ഹാജരാക്കാനുള്ള രസീതുകൾ അവർ ഇമെയിൽ ചെയ്ത് നൽകും.
എത്രയാണ് മുതൽമുടക്ക് ?
ArriveCAN ആപ്പിനായി $17 ദശലക്ഷം രൂപ ചെലവഴിച്ചതായാണ് സർക്കാർ നൽകുന്ന വിവരം.
ആ തുകയുടെ 12 മില്യൺ ഡോളറിലധികം ആപ്പ് വികസിപ്പിക്കാൻ ചെലവഴിച്ചു, അതേസമയം 5 മില്യൺ ഡോളറിൽ താഴെ അത് പരിപാലിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ചെലവഴിച്ചു.
എന്തുകൊണ്ടാണ് ആപ്പിന്‍റെ ഉപയോഗം സംബന്ധിച്ച് വിവാദങ്ങളുയർന്നത്?
കൊവിഡിൽ നിന്ന് രാജ്യം മുക്തമാകാൻ തുടങ്ങിയപ്പോൾ, പലരും ArriveCAN ആപ്പിന്‍റെ ആവശ്യകത ചോദ്യം ചെയ്ത് രംഗത്തെത്തി. ജൂണിൽ, കാനഡ-യുഎസ് അതിർത്തിയിലെ കമ്മ്യൂണിറ്റികളിലെ ചില മേയർമാരും ബിസിനസുകാരും ആപ്പ് അവസാനിപ്പിക്കാൻ ഫെഡറൽ ഗവൺമെന്‍റിനോട് ആവശ്യപ്പെട്ടു. ആപ്പിന്‍റെ നിഡബന്ധിത ഉപയോഗം കാനഡ സന്ദർശിക്കുന്നതിൽ നിന്നും അവിടെ പണം ചെലവഴിക്കുന്നതിൽ നിന്നും അമേരിക്കക്കാരെ നിരുത്സാഹപ്പെടുത്തുന്നു എന്നായിരുന്നു അവർ കാരണമായി കണ്ടെത്തിയത്.
പിന്നീട് ജൂലൈയിൽ, ആപ്പിലെ ഒരു തകരാർ മൂലം യാത്രക്കാരോട് അനാവശ്യ ക്വാറന്‍റൈന് നിർദേശിക്കുകയും ആ പിശക് ഏകദേശം 10,200 പേരെ ബാധിക്കുകയും ചെയ്തു.
ഇനിയും ആളുകൾ ആപ്പ് ഉപയോഗിക്കുമോ?
ഓപ്ഷണൽ ആക്കിയാൽ ആപ്പ് ഉപയോഗിക്കില്ലെന്ന് പറയുന്നവരാണ് യാത്രക്കാരിലേറെയും. എന്നാൽ ആപ്പിന് പൂർണ പിന്തുണ നൽകുന്നവരുമുണ്ട്. ചിലർക്ക് ഉപയോഗിക്കാൻ അറിയാത്തത് മാത്രമാണ് പ്രശ്നം. മറ്റ് ചിലർക്ക് സ്വകാര്യ വിവരങ്ങൾ ചോരുന്നു എന്നതാണ് ആശങ്ക. എന്തുതന്നെയായാലും നിയമം പ്രാബല്യത്തിൽ വന്നാൽ പല ഫോണുകളിൽ നിന്നും ഈ ആപ്പ് ഒഴിവാക്കപ്പെടുമെന്നതാണ് വാസ്തവം.