Sunday, August 31, 2025

ചെ ഗുവേരയെ വധിച്ച ബൊളീവിയൻ സൈനികൻ 80-ാം വയസ്സിൽ അന്തരിച്ചു

ക്യൂബന്‍ വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയെ വെടിവെച്ചു കൊന്ന ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറോണ്‍ അന്തരിച്ചു. ബൊളീവിയന്‍ നഗരമായ സാന്താക്രൂസ് ഡി ലാ സിയറയില്‍ വ്യാജ പേരില്‍ രഹസ്യമായി കഴിഞ്ഞിരുന്ന മാരിയോക്ക് 80 വയസായിരുന്നു. 1967ല്‍ ചെ ഗുവേരയെ പിടികൂടിയ സൈനിക സംഘത്തിന് നേതൃത്വം നല്‍കിയ ജനറല്‍ ഗാരി പ്രാഡോ സാല്‍മിനാണ് മരണവിവരം ലോകത്തെ അറിയിച്ചത്.

അര്‍ജന്റീനയില്‍ ജനിച്ച ഏണസ്‌റ്റോ ചെ ഗുവേര മെഡിക്കല്‍ വിദ്യഭ്യാസം നേടിയ ശേഷമാണ് 1953-59ലെ ക്യൂബന്‍ വിപ്ലവത്തില്‍ നേതൃത്വപരമായ പങ്കു വഹിച്ചത്. വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യൂബന്‍ സര്‍ക്കാരിലെ വ്യവസായ മന്ത്രി പദവി ഒഴിഞ്ഞ് 1966 ല്‍ ബൊളീവിയയില്‍ എത്തി. പക്ഷെ യു.എസ് പിന്തുണയുള്ള ബൊളീവിയന്‍ സൈന്യം 1967 ഒക്ടോബര്‍ എട്ടിന് ചെ ഗുവേരയുടെ ഗറില്ലാ സംഘവുമായി ഏറ്റുമുട്ടി.

പരുക്കേറ്റ നിലയില്‍ പിടികൂടിയ ചെ ഗുവേരയെ സൈനിക വിചാരണ നടത്തി ശിക്ഷിക്കാനായിരുന്നു ജനറല്‍ ഗാരി പ്രാഡോ സാല്‍മിന്റെ തീരുമാനം. പക്ഷെ, ബൊളീവിയന്‍ ഏകാധിപതിയായ റെനെ ബാരിയന്റോ കൊലപ്പെടുത്താനാണ് നിര്‍ദേശിച്ചത്. അങ്ങനെയാണ് സാര്‍ജന്റായ മാരിയോ ടെറോണിനെ ചെ ഗുവേരയെ കൊല്ലാന്‍ ചുമതലപ്പെടുത്തുന്നത്.

”എന്റെ ജീവിതത്തിലെ ഏറ്റവും മോശം നിമിഷമായിരുന്നു അത്.”–കൊലപാതകത്തെ കുറിച്ച് മാരിയന്‍ പിന്നീട് പറഞ്ഞു. ”ചെ വലിയ ശരീരമുള്ള ഒരാളായിരുന്നു. അയാളുടെ കണ്ണുകള്‍ തീക്ഷ്ണമായി തിളങ്ങുന്നുണ്ടായിരുന്നു. അയാള്‍ എന്നെ നോക്കിക്കൊണ്ടിരുന്നു. നോട്ടം എന്റെ മേല്‍ തറച്ചപ്പോള്‍ ഞാന്‍ ആകെ തളര്‍ന്നുപോയി. ശാന്തനാവൂ എന്നാണ് അയാള്‍ എന്നോട് പറഞ്ഞത്. ശാന്തതയോടെ ഉന്നം വെക്കൂ, നീ ഒരു മനുഷ്യനെയാണ് കൊല്ലാന്‍ പോവുന്നത്. അതോടെ ഞാന്‍ പിന്നോട്ട് ഒരു അടിവെച്ചു. കണ്ണടച്ച് കാഞ്ചി വലിച്ചു.”–ചെഗുവേരയെ കൊന്നതിനെ കുറിച്ച് മാരിയന്‍ വിശദീകരിച്ചു.

മാരിയന്റെ എം2 കാര്‍ബൈനില്‍ നിന്നുള്ള ആദ്യ വെടി ചെഗുവേരയുടെ നെഞ്ചില്‍ കൊണ്ടില്ലെന്നാണ് ചരിത്രാന്വേഷികള്‍ പറയുന്നത്. മരണത്തോടെ ചെ ഗുവേര ആഗോളതലത്തില്‍ തന്നെ രക്തസാക്ഷിയായി മാറി. ഇത് സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്.

മാരിയന്റെ ഒളിവ് ജീവിതം

റെനെ ബാരിയന്റോ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന അന്റോണിയോ ആഗ്വഡാസിനെ ചെ ഗുവേരയുടെ കൈവശമുണ്ടായിരുന്ന ഡയറിയുമായി 1968ല്‍ കാണാതായി. രഹസ്യകേന്ദ്രത്തില്‍ ഇരുന്ന് ഡയറിയുടെ പകര്‍പ്പ് ക്യൂബയിലേക്ക് അയച്ചു നല്‍കുകയാണ് ആന്റോണിയോ ചെയ്തത്. താന്‍ യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിസ്റ്റാണെന്നും ബാരിയന്റോസും സംഘവും യു.എസ് രഹസ്യന്വേഷണ ഏജന്‍സിയായ സി.ഐ.എയില്‍ നിന്നും പണം വാങ്ങുന്നവരാണെന്നും അന്റോണിയോ വെളിപ്പെടുത്തി. ഇത് ബൊളീവിയയില്‍ കലാപത്തിനും അടിയന്തിരാവസ്ഥക്കും കാരണമായി.

ബൊളീവിയയില്‍ ഖനിത്തൊഴിലാളികളെ അടിച്ചമര്‍ത്താനും കൂട്ടക്കൊല ചെയ്യാനും നേതൃത്വം നല്‍കിയ ബാരിയന്റോസ് 1969 ഏപ്രില്‍ 27ന് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കൊലപാതക വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ച രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവിയും ജര്‍മനിയിലെ കോണ്‍സുലാര്‍ ജനറലുമായ കേണല്‍ റോബെര്‍ട്ടോ ക്യുന്റാനില്ല പെരേസിനെ ബൊളീവിയയിലെ നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന ഇടതുസംഘടനയുടെ പ്രവര്‍ത്തകയായ മോണിക്ക ഹെല്‍റ്റ് 1971ല്‍ കൊലപ്പെടുത്തി.

ചെ ഗുവേരയെ പിടികൂടാനുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ജനറല്‍ ജോക്വിന്‍ സെന്റെനോ അനായ ഫ്രാന്‍സില്‍ ബൊളീവിയയുടെ അംബാസിഡറായിരിക്കെ 1976 മേയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഇന്റര്‍നാഷണല്‍ ചെഗുവേര ബ്രിഗേഡ് ആണ് അനായയെ വെടിവെച്ചത്. ചെ ഗുവേരയെ പിടികൂടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മേജര്‍ ആന്‍ഡ്രസ് സെലിച്ച് ചോപ്പും പിന്നീട് കൊല്ലപ്പെട്ടു.

ഈ സംഭവങ്ങളോടെ മാരിയോ ഒളിവില്‍ പോയി. വ്യാജ പേരിലാണ് പില്‍ക്കാലത്ത് ജീവിച്ചത്. ഇടക്ക് മാധ്യമങ്ങള്‍ക്ക് അഭിമുഖവും നല്‍കി. പക്ഷെ, ലാറ്റിന്‍ അമേരിക്കയിലെ നേത്രരോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കുന്ന ഓപ്പറേഷന്‍ മിറാക്കിള്‍ എന്ന ക്യൂബന്‍-വെനസ്വേലന്‍ പദ്ധതിയില്‍ 2006-ല്‍ മാരിയോ പങ്കെടുത്തു. ക്യൂബന്‍ ഡോക്ടര്‍മാര്‍ സൗജന്യമായാണ് മാരിയോക്ക് തിമിര ശസ്ത്രക്രിയ ചെയ്തു നല്‍കിയത്.

പിതാവിന് കാഴ്ച്ചശക്തി നല്‍കിയ ക്യൂബന്‍ ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മാരിയോയുടെ മകന്‍ എഴുതിയ കത്ത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഇക്കാര്യം ലോകം അറിഞ്ഞത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!