അത്ലറ്റികോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാംപാദ മത്സരത്തിൽ തോൽവി വഴങ്ങുകയും ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്‌തതിന്റെ രോഷം അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണിയോടു തീർക്കാൻ ശ്രമിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ. മത്സരത്തിനു ശേഷം സിമിയോണിക്കു നേരെ വിവിധ സാധനങ്ങൾ വലിച്ചെറിഞ്ഞാണ് ആരാധകർ തങ്ങളുടെ രോഷം തീർക്കാൻ ശ്രമിച്ചത്.
വാൻഡ മെട്രോപ്പോളിറ്റാനോയിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞതിനാൽ നിർണായകമായ രണ്ടാംപാദത്തിൽ റെനൻ ലോദിയാണ് അത്ലറ്റികോ മാഡ്രിഡിന്റെ വിജയഗോൾ നേടിയത്. അതിനു ശേഷം കൂടുതൽ പ്രതിരോധത്തിലേക്കു വലിഞ്ഞ അത്ലറ്റികോ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലിഞ്ഞു മുറുക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു.
മത്സരം അവസാനിച്ചയുടനെയാണ് ഓൾഡ് ട്രാഫോഡിലെ ആരാധകർ അത്ലറ്റികോ പരിശീലകനെതിരെ തിരിഞ്ഞത്. ഡഗ് ഔട്ടിൽ നിൽക്കുകയായിരുന്ന അദ്ദേഹത്തിന്റെ നേർക്ക് കയ്യിലുള്ള സാധനങ്ങളെല്ലാം ആരാധകർ വലിച്ചെറിഞ്ഞു. ഇതോടെ മൈതാനത്ത് നിക്കാൻ കഴിയാതെ സിമിയോണി ഡ്രസിങ് റൂമിലേക്ക് ഓടിപ്പോവുകയായിരുന്നു.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തുകയും ഇത്തവണ മോശം അവസ്ഥയിലേക്ക് വീഴുകയും ചെയ്‌ത രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടമായിരുന്നു ഈ മത്സരം. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താവൽ ഈ സീസണിൽ യുണൈറ്റഡിന്റെ മോശം സീസണ് കൂടുതൽ തിരിച്ചടി നൽകിയപ്പോൾ അത്ലറ്റികോ മാഡ്രിഡ് നിരാശപ്പെടുത്തുന്ന ഫോമിൽ നിന്നും തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു.