ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മാര്‍ച്ച് 27ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് പരിക്കുമൂലം കളിക്കാന്‍ സാധിക്കില്ല. വിരലിനേറ്റ പരിക്കുമൂലമാണ് യാദവിന് ആദ്യമത്സരം കളിക്കാന്‍ പറ്റാത്തത്. വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പരയിൽ ആയിരുന്നു സൂപ്പര്‍ താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരെ ഉള്ള മത്സരങ്ങളും നഷ്ടമായിരുന്നു.
‘സൂര്യ ഇപ്പോള്‍ എന്‍സിഎയില്‍ തിരിച്ചുവരവിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. അദ്ദേഹം സുഖം പ്രാപിക്കാനുള്ള വഴിയിലാണ്, എന്നാല്‍, ഓപ്പണിംഗ് ഗെയിമിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്. അതിനാല്‍ ഓപ്പണറായി കളിച്ച് അപകടത്തിലാക്കരുതെന്ന് ബോര്‍ഡിന്റെ മെഡിക്കല്‍ ടീം അദ്ദേഹത്തെ ഉപദേശിച്ചു’- ബിസിസിഐ പ്രതിനിധി പറഞ്ഞു. മുംബൈയെ സംബന്ധിച്ചിടത്തോളം, നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ഇഷാന്‍ കിഷനും പുറമെയുള്ള ഏറ്റവും പ്രധാനപ്പെട്ട ബാറ്റര്‍ യാദവാണ്.
ഡല്‍ഹിക്ക് ശേഷം അഞ്ചു ദിവസം കഴിഞ്ഞുള്ള രാജസ്ഥാന്‍ റോയല്‍സ്മായുള്ള മത്സരത്തില്‍ സൂപ്പര്‍താരത്തിന് പങ്കെടുക്കാന്‍ സാധിക്കും എന്നാണ് മുംബൈ വിശ്വസിക്കുന്നത്. വെസ്റ്റിന്‍ഡീസുമായുള്ള സീരീസില്‍ സൂര്യ കുമാര്‍ യാദവ് ആയിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്.