ന്യൂഡല്‍ഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ചൈനയില്‍ നിന്നുള്ള ആദ്യത്തെ ഉന്നത സന്ദര്‍ശനമാണിത്. വാങിന്‍റെ ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ ഡല്‍ഹിയിലെ ചൈനീസ് എംബസിയോ വിദേശകാര്യ മന്ത്രാലയമോ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പുനരാരംഭിക്കുകയും വര്‍ഷാവസാനം ബെയ്‌ജിങ്ങില്‍ നടക്കുന്ന ബ്രിക്‌സ് മീറ്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുകയുമാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മില്‍ പല തവണ സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കാണാത്തതിനാല്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.
ഇന്ത്യയും ചൈനയും തമ്മിലുള്ള കോര്‍പ്‌സ് കമാന്‍ഡര്‍ തലത്തിലുള്ള 15-ാം ഘട്ട ചര്‍ച്ചകള്‍ 2022 മാര്‍ച്ച് 11ന് ഇന്ത്യയിലെ ചുഷുല്‍-മോള്‍ഡോ അതിര്‍ത്തി മീറ്റിങ്ങ് പോയിന്‍റില്‍ നടന്നിരുന്നു. ചര്‍ച്ചയില്‍ പടിഞ്ഞാറന്‍ മേഖലയിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി ഇന്ത്യന്‍ കരസേന വക്താവ് അറിയിച്ചു.തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി കിഴക്കന്‍ ലഡാക്ക് മേഖലയിലെ യഥാര്‍ഥ നിയന്ത്രണ രേഖയെ സംബന്ധിച്ച് ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇന്ത്യ-ചൈന ബന്ധം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിര്‍ത്തിയിലെ സമാധാനമാണ് നല്ല ഉഭയകക്ഷി ബന്ധത്തിന്‍റെ അടിസ്ഥാനമെന്ന് ചൈനയോട് ഇന്ത്യ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.