മീനു ചേലാടൻ
നാട്ടിൻപുറങ്ങളിലെ പച്ചപുതച്ച വഴികളിലൂടെ ഓട്ടോയിലങ്ങനെ കാഴ്ചകളാസ്വദിച്ച് പോകാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. അങ്ങനെയൊരു യാത്രയാണ് സ്വപ്നമെങ്കിൽ റിക്ഷാ റൺ പരിപാടിയെക്കുറിച്ചൊന്ന് നോക്കി വച്ചോളൂ…

ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും ഷില്ലോങ്ങ് വരെ ഓട്ടോറിക്ഷയില്‍ യാത്ര പോകുന്ന പരിപാടിയാണ് ‘റിക്ഷാ റൺ’.യുകെ ആസ്ഥാനമായുള്ള ‘ദി അഡ്വഞ്ചറിസ്റ്റ്സ്’ എന്ന കമ്പനിയാണ് ഈ രസകരമായ യാത്ര ഒരുക്കുന്നത്. ഒന്നും രണ്ടുമല്ല, സ്ത്രീകളുൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള 120 സഞ്ചാരികളാണ് പ്രത്യേകം അലങ്കരിച്ച 46 ഓട്ടോറിക്ഷകളിലായി യാത്ര പുറപ്പെടാനൊരുങ്ങുന്നത്. ഓരോ റിക്ഷയിലും ഏകദേശം 2-3 വിനോദസഞ്ചാരികള്‍ ആയിരിക്കും യാത്രചെയ്യുക. ഇവർ തന്നെയാകും വാഹനമോടിക്കുന്നതും.

പൊതുകേന്ദ്രങ്ങളെയും വഴിയിലെ വിശ്രമസ്ഥലങ്ങളേയും ഒക്കെ താമസത്തിനും വിശ്രമത്തിനുമായി ഉപയോഗിക്കും. കൊച്ചിയിൽ നിന്ന് ഷില്ലോംഗ് വരെ ഓട്ടോയിലും തിരിച്ച് വിമാനത്തിലുമാണ് വിനോദസഞ്ചാരികളുടെ യാത്ര. ഒരു കൂട്ടർ തിരികെ വിമാനമാർഗം സ്വന്തം നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ മറ്റൊരു കൂട്ടം യാത്രക്കാർ ഈ ഓട്ടോയിൽ യാത്ര ആരംഭിക്കും. ഷില്ലോംഗിൽ നിന്ന് കൊച്ചിയിലേക്ക്.

പരിപാടിയ്ക്കായുള്ള തയ്യാറെടുപ്പുകൾ ഒരാഴ്ചയായി പുരോഗമിക്കുകയാണ്. ഗ്രാമീണ ഇന്ത്യയെ അടുത്തറിയുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യാന്തര ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കൂ എന്ന ഒരു നിബന്ധനയും സംഘാടകർ മുന്നോട്ടുവച്ചിട്ടുണ്ട്.

എല്ലാ വർഷവും രണ്ടുതവണ സംഘടിപ്പിച്ചിരുന്ന റിക്ഷ റൺ പരിപാടി കോവിഡ് പ്രതിസന്ധി കാരണം മുടങ്ങിയിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷമാണ് വീണ്ടും ആവേശമുണര്‍ത്തി റിക്ഷ റണ്‍ സംഘടിപ്പിക്കുന്നത്. എന്തായാലും ഗ്രാമങ്ങളെയടുത്തറിഞ്ഞ് അവിടുത്തെ സംസ്കാരവും പൈതൃകവും തൊട്ടറിഞ്ഞൊരു ഉല്ലാസയാത്രയാകും ഇത് എന്നത് ഉറപ്പാണ്.