കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ കണ്ണും മനസും നിറയ്ക്കുന്നൊരു കാഴ്ചയാണ് പെരുമ്പാവൂർ പോലീസ് നമുക്ക് സമ്മാനിച്ചത്. തിങ്കളാഴ്ച രാവിലെ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു യുവാവ് എത്തി. മയക്കുമരുന്നു ലഹരിയിൽ അയാൾ പല പരാക്രമങ്ങളും അവിടെ കാണിച്ചുകൂട്ടി. പക്ഷേ അയാളൊറ്റയ്ക്കായിരുന്നില്ല. കൈയ്യിൽ രണ്ട് കൈക്കുഞ്ഞുങ്ങളുമായാണ് കോടനാട് സ്വദേശിയായ യുവാവെത്തിയത്. അയാൾ പറഞ്ഞത് എല്ലാം സമാധാനത്തോടെ കേട്ട് നിന്നു ഉദ്യോഗസ്ഥർ. പിന്നെ രണ്ട് കുഞ്ഞുങ്ങളേയും കൈകളിലേക്കെടുത്തു. വിശന്ന് കരയുകയായിരുന്ന രണ്ടുപേർക്കും പാലും ഭക്ഷണവും വാങ്ങി നൽകി. വാത്സല്യത്തോടെ തോളിലെടുത്തും കളിപ്പിച്ചും ഉദ്യോഗസ്ഥരിൽ ഓരോരുത്തരും കുറച്ച് നേരത്തേക്കെങ്കിലും അവർക്ക് പ്രിയപ്പെട്ടവരായി മാറി.
രണ്ട് ദിവസമായി ഒന്നും കഴിക്കാതെ വാടിത്തളർന്നിരുന്നു രണ്ട് പേരും. യുവാവിന്‍റെ ലഹരിയുപയോഗവും ദേഹോപദ്രവവും മൂലം കുഞ്ഞുങ്ങളുടെ അമ്മ അയാളെ ഉപേക്ഷിച്ചു പോയി. ഇതിനു ശേഷം ലഹരിക്കടിമയായ യുവാവും രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിക്കാൻ തീരുമാനിച്ചു. അത് ഒരു പോലീസ് സ്റ്റേഷനിലാകാമെന്ന് അയാൾക്ക് ഒരുപക്ഷേ തോന്നിയത് എത്ര നന്നായി. അവർക്ക് അത്താണിയാകാൻ കാക്കിയിട്ട കുറച്ച് നല്ല ഹൃദയങ്ങളൊന്നിച്ച് നിന്നു. ഇനി അവർ സുരക്ഷിതരാണ്, ശിശുഭവനിലെ അമ്മമാരുടെ സ്നേഹത്തണലിൽ…