പ്രോജക്റ്റ് ഫാൾട്ടർ എന്ന പേരിൽ മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്തൽ എന്നിവ തടയാൻ 2022 ഓഗസ്റ്റിൽ ആരംഭിച്ച അന്വേഷണത്തിൽ സാസ്കറ്റൂണിലും എഡ്മൻ്റണിൽ നിന്നുമായി ആറ് പേരെ അറസ്റ്റ് ചെയ്തതായി ആർസിഎംപി അറിയിച്ചു.
നോർത്ത് ബാറ്റിൽഫോർഡിൽ നിന്നുള്ള ഡാനിയൽ നോർഗാർഡ് (34), ആൻഡ്രൂ കോബെറിൻസ്കി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എഡ്മൻ്റണിൽ നിന്നും മയക്കുമരുന്ന്, ഫോൺ-ഇൻ ഡെലിവറി വഴി ബാറ്റിൽഫോർഡ്സ് ഏരിയയിലേക്ക് കടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
അന്വേഷണത്തിന്റെ ഭാഗമായി ഫെബ്രുവരി 2 ന് രണ്ടു വാഹനങ്ങളിലും ബാറ്റിൽഫോർഡിലെ ഒന്നിലധികം വീടുകളിലും നടന്ന റെയ്‌ഡിൽ മയക്കുമരുന്നും തോക്കുകളും പിടിച്ചെടുത്തു. റെയ്‌ഡിൽ ഏകദേശം എട്ട് കിലോഗ്രാം കൊക്കെയ്ൻ, 281 ഗ്രാം സനാക്സ് ഗുളികകൾ, 5,000-ലധികം പ്രീ-റോൾഡ് മരിജുവാന ജോയിന്റുകൾ, 898 കാർട്ടൺ നിരോധിത സിഗരറ്റുകൾ, 10 കിലോഗ്രാം കട്ടിംഗ് ഏജന്റ്, വലിയ തുക, നാല് അനധികൃത കൈത്തോക്കുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
എഡ്മൻ്റണിൽ നടന്ന അന്വേഷണത്തിൽ നഗരത്തിലെ രണ്ട് വീടുകളിൽ നിന്ന് 930,000 ഡോളറിലധികം മയക്കുമരുന്നും പണവും പിടിച്ചെടുക്കുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബാറ്റിൽഫോർഡ്സ്, സാസ്കറ്റൂൺ പ്രൊവിൻഷ്യൽ GIS, ക്രൈം റിഡക്ഷൻ ടീം, വാറന്റ് എൻഫോഴ്‌സ്‌മെന്റ് റെസ്പോൺസ് ടീം, പോലീസ് ഡോഗ് സർവീസ്, ഇന്റഗ്രേറ്റഡ് ഇന്റലിജൻസ് യൂണിറ്റുകൾ, എഡ്മൻ്റൺ പോലീസ് സർവീസ് ഡ്രഗ് ആൻഡ് ഗാംഗ് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ആൽബർട്ട എൻഫോഴ്‌സ്‌മെന്റ് റെസ്പോൺസ് ടീം, എഡ്മൻ്റൺ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്, സ്ട്രാത്‌കോണ ആർസിഎംപി എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തിയത്.